'യുപിയില്‍ ഒറ്റയ്ക്ക് അധികാരത്തിലെത്തും'; ഒടുവില്‍ മൗനം വെടിഞ്ഞ് മായാവതി, ബിഎസ്പിയും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 12:24 PM  |  

Last Updated: 09th January 2022 12:24 PM  |   A+A-   |  

mayawati

മായാവതി/ഫയല്‍


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന് മുന്‍ മുഖ്യമന്ത്രി മായാവതി. സര്‍വെ ഫലങ്ങള്‍ തെറ്റാണെന്ന് ജനങ്ങള്‍ തെളിയിക്കുമെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണവുമായി മായാവതി രംഗത്തുവന്നിരിക്കുന്നത്. 

യുപിയില്‍ ബിജെപിയും എസ്പിയും കോണ്‍ഗ്രസും കാടിളക്കിയുള്ള പ്രചാരണം നടത്തുമ്പോഴും, മായാവതിയുടെയോ ബിഎസ്പിയുടെയോ ഭാഗത്തുനിന്നും കാര്യമായ നീക്കമൊന്നും ഉണ്ടായിരുന്നില്ല. മറ്റു പാര്‍ട്ടികള്‍ വന്‍ റാലികളുമായി കളം നിറഞ്ഞപ്പോള്‍ ട്വിറ്റര്‍ പ്രതികരണങ്ങള്‍ മാത്രമാണ് മായവതി നടത്തിയിരുന്നത്. 

മായാവതിയെ കാണാനില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചൂട് എല്ലായിടത്തും നിറഞ്ഞിട്ടും മായാവതി പുറത്തുവരുന്നില്ലെന്നും ബിഎസ്പി ഭയത്തിലാണെന്നും അമിത് ഷാ പരിഹസിച്ചിരുന്നു. 

ബിഎസ്പിക്ക് അതിന്റെതായ രീതികളുണ്ടെന്നും മറ്റുള്ളവരെ കോപ്പി അടിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നുമാണ് മായാവതി ഇതിന് മറുപടി പറഞ്ഞിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള ചര്‍ച്ചകള്‍ക്ക് ബിഎസ്പി ഇന്ന് തുടക്കമിടും. 

2017ല്‍ അഖിലേഷ് യാദവിന്റെ എസ്പിയുമായി സഖ്യമുണ്ടാക്കിയ ബിഎസ്പി 19 സീറ്റില്‍ ഒതുങ്ങിയിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തു സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്.