പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോയി, വസ്ത്രം വാങ്ങിയ ശേഷം ഏഴു വയസുകാരനെ കടയില്‍ ഉപേക്ഷിച്ച് മുങ്ങി; വേറിട്ട തട്ടിപ്പ് കഥ ഇങ്ങനെ

മധ്യപ്രദേശില്‍ കുടുംബത്തോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ, ഏഴുവയസുകാരനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി

ഭോപ്പാല്‍: മധ്യപ്രദേശില്‍ കുടുംബത്തോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെ, ഏഴുവയസുകാരനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി. കുട്ടിയെയും കൊണ്ട് തുണിക്കടയില്‍ പോയ മോഷ്ടാവ്, 4000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങിയിട്ട് പണവുമായി ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് കുട്ടിയെ അവിടെ നിര്‍ത്തി മുങ്ങി. പേഴ്‌സ് എടുക്കാന്‍ മറന്നുപോയി എന്നും ഉറപ്പിന് വേണ്ടി മകനെ ഇവിടെ നിര്‍ത്തിയിട്ട് ഉടന്‍ വരാമെന്നും പറഞ്ഞാണ് മോഷ്ടാവ് കടയില്‍ നിന്ന് പോയത്.മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതി വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണ് എന്ന് തിരിച്ചറിഞ്ഞത്.

ഇന്‍ഡോറില്‍ ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഏഴുവയസുകാരനായ അസീമിനെയാണ് തട്ടിക്കൊണ്ടുപോയത്. കുടുംബത്തൊടൊപ്പം വിവാഹത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചോക്കലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി പ്രലോഭിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയെയും കൊണ്ട് പ്രതി തുണിക്കടയില്‍ പോയി. അവിടെ നിന്ന് 4000 രൂപ വിലയുള്ള തുണിയെടുത്ത ശേഷം കുട്ടിയെ അവിടെ വിട്ടിട്ട് കടന്നുകളയുകയായിരുന്നു. അച്ഛനാണ് എന്ന വ്യാജേനയാണ് കടക്കാരെ വഞ്ചിച്ചത്.

പേഴ്‌സ് എടുക്കാന്‍ മറന്നുപോയെന്നും ഉടന്‍ തന്നെ പൈസയായി വരാമെന്നും പ്രതി കടക്കാരോട് പറഞ്ഞു. പൈസയായി വരുന്നത് വരെ ഒരു ഉറപ്പിന് കുട്ടിയെ ഇവിടെ നിര്‍ത്താമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച കടക്കാരന്‍ കബളിപ്പിക്കലിന് ഇരയാകുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കി. എവിടെ നിന്നാണ് വരുന്നത് അടക്കമുള്ള കാര്യങ്ങളാണ് ചോദിച്ചത്. കുട്ടി ഒന്നും പറയാതിരുന്നതോടെ, സംശയം തോന്നിയ കടക്കാരന്‍ കുട്ടിയെയും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ പോയി. തുടര്‍ന്ന് പ്രതിക്കെതിരെ മോഷണക്കേസ് രജിസ്റ്റര്‍ ചെയ്തു.

അതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഏഴുവയസുകാരന്റെ മാതാപിതാക്കള്‍ മറ്റൊരു പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വയര്‍ലസ് സന്ദേശത്തിലൂടെ ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് പരാതി ലഭിച്ച കാര്യം അറിഞ്ഞു. ഇത് ഈ കുട്ടിയായിരിക്കുമെന്ന നിഗമനത്തില്‍ സദാര്‍ ബസാര്‍ പൊലീസ് സ്‌റ്റേഷന്‍ ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. 4000 രൂപയുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുകയും കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്ത പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com