കന്നിയങ്കത്തിന് അഖിലേഷ്; കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും

കന്നിയങ്കത്തിന് അഖിലേഷ്; കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മെയിൻപുരി ജില്ലയിലെ കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. ഫെബ്രുവരി 20നാണ് ഇവിടെ തെരഞ്ഞെടുപ്പ്. ആദ്യമായിട്ടാണ് അഖിലേഷ് യാദവ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നത്.

അസംഗഡിൽ നിന്നുള്ള ലോക്‌സഭാ അംഗമാണ് നിലവിൽ അഖിലേഷ്. 2012-ൽ മുഖ്യമന്ത്രിയായ അഖിലേഷ് ലെജിസ്ലേറ്റീവ് കൗൺസിലിലൂടെയാണ് സഭയിലെത്തിയത്. മെയിൻപുരി സദർ,  ചിബ്രമാവു, ഗോപാൽപുർ, ഗുന്നൗർ എന്നിവിടങ്ങളിൽ നേരത്തെ അഖിലേഷ് യാദവിന്റെ പേര് ഉയർന്നുകേട്ടിരുന്നു. ഒടുവിൽ കർഹാലിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

സമാജ് വാദി പാർട്ടിയുടെ സിറ്റിങ് സീറ്റായ കർഹാലിൽ സൊബ്രാൻ സിങ് യാദവാണ് നിലവിലെ എംഎൽഎ. 1993 മുതൽ ഏഴ് തവണ എസ്പി സ്ഥാനാർഥികൾ ഈ സീറ്റിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ 2002ൽ ബിജെപിക്ക് കർഹാൽ പിടിക്കാനായി എന്നതും ശ്രദ്ധേയമാണ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുർ അർബനിൽ നിന്നാണ് ജനവിധി തേടുന്നത്. ആസാദ് സമാജ് വാദി പാർട്ടി നേതാവ് ചന്ദ്ര ശേഖർ ആസാദ് യോ​ഗിയുടെ എതിർ സ്ഥാനാർത്ഥിയായി ഇവിടെ മത്സരിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com