അന്ന് കോവിഡ് ബാധിച്ച് മരിച്ചത് 3059 പേര്‍, ഇന്ന് 380; വാക്‌സിനേഷന്‍ പ്രയോജനപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2022 05:23 PM  |  

Last Updated: 20th January 2022 05:23 PM  |   A+A-   |  

COVID UPDATES INDIA

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോഴും മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് വാക്‌സിനേഷന്‍ പ്രയോജനപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍. വിപുലമായ രീതിയിലുളള വാക്‌സിനേഷന്‍ വഴി മരണം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു. കോവിഡ് അതിവ്യാപനത്തിനിടയിലും രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറയ്ക്കാനും വാക്‌സിനേഷന്‍ വഴി സാധിച്ചതായി ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് 3,86,452 പേര്‍ക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്. അന്ന് ഡെല്‍റ്റ തരംഗമായിരുന്നു. ആ ദിവസം മാത്രം 3059 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ച ഇന്നലെ മരണം 380 മാത്രമാണ്. ചികിത്സയിലുള്ളവര്‍ ഏപ്രില്‍ 30ന് 31 ലക്ഷത്തിന് മുകളിലായിരുന്നു. ഇത്തവണ 19ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറയുന്നു. 

ചികിത്സയിലുള്ള രോഗികള്‍ ഏറ്റവുമധികം മഹാരാഷ്ട്ര, കര്‍ണാടക, കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങളിലാണ്. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, യുപി, ഗുജറാത്ത്, ഒഡീഷ, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. നിലവില്‍ 15 നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 52 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി രാജേഷ് ഭൂഷണ്‍ അറിയിച്ചു.