യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്താനാവില്ലേ? സമൂഹവിരുദ്ധ വീഡിയോകള്‍ ചൂണ്ടി മദ്രാസ് ഹൈക്കോടതി

കുറ്റകൃത്യങ്ങൾക്ക് സഹായിക്കുന്ന വീഡിയോകൾ യൂട്യൂബിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ പരാമർശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ചെന്നൈ: സമൂഹവിരുദ്ധ വീഡിയോകളുടെ പേരിൽ യുട്യൂബിന് നിരോധനം ഏർപ്പെടുത്തിക്കൂടേയെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യങ്ങൾക്ക് സഹായിക്കുന്ന വീഡിയോകൾ യൂട്യൂബിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ പരാമർശം. 

നാടൻതോക്ക് നിർമാണം, കൊള്ള നടത്തൽ എന്നിവയെ സഹായിക്കുന്ന വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്. ഇവ കണ്ട് കുറ്റം ചെയ്യുമ്പോൾ യുട്യൂബും പ്രതിസ്ഥാനത്താകുന്നതായി ജസ്റ്റിസ് ബി പുകഴേന്തി അഭിപ്രായപ്പെട്ടു. ഇത്തരം വീഡിയോകൾ യുട്യൂബിൽ പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികളും ഇനി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളും വിശദീകരിച്ച് മറുപടി നൽകാൻ തമിഴ്‌നാട് സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. 

വിദേശ കമ്പനിയായ യുട്യൂബിനെതിരേ നടപടിയെടുക്കാൻ നിയമം ഇല്ലേ? 

മുഖ്യമന്ത്രി സ്റ്റാലിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റുചെയ്ത യുട്യൂബറായ സട്ടൈ ദുരൈമുരുകന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സർക്കാർ കോടതിയെ സമീപിപ്പത്. തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് യുട്യൂബിലെ സമൂഹവിരുദ്ധ വീഡിയോകൾ സംബന്ധിച്ച് കോടതിയുടെ പരാമർശം.

വിദേശ കമ്പനിയായ യുട്യൂബിനെതിരേ നടപടിയെടുക്കാൻ നിയമം ഇല്ലേയെന്ന് കോടതി ചോദിച്ചു. ചാരായം വാറ്റുന്നതടക്കമുള്ള വീഡിയോകൾ എങ്ങനെയാണ് തടയാൻ സാധിക്കുക? എല്ലാത്തരം വീഡിയോകളും യുട്യൂബ് അനുവദിക്കുമോ എന്നും കോടതി ചോദിച്ചു. ഏറെ നല്ലവശങ്ങളുണ്ടെങ്കിലും യുട്യൂബിനെ മോശമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നും കോടതി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com