ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സര്‍വേ സഭയില്‍ വെക്കും

കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ രാവിലെ ലോക്‌സഭയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അഭിസംബോധന ചെയ്യും. അരമണിക്കൂറിനുശേഷം ലോക്‌സഭ ചേരുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക സര്‍വേ സഭയില്‍ വെക്കും. 

കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നാളെ രാവിലെ ലോക്‌സഭയില്‍ അവതരിപ്പിക്കും. കോവിഡ് പ്രതിസന്ദി മറികടക്കാൻ ബജറ്റിൽ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ലോക്‌സഭയില്‍ ബുധനാഴ്ച ആരംഭിക്കും. നാലുദിവസമാണ് ചര്‍ച്ചയ്ക്കു നീക്കിവെച്ചിരിക്കുന്നത്. ഫെബ്രുവരി ഏഴിന് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു മറുപടി പറയും.

പെഗാസസ്: പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും

പെഗാസസ് വിഷയത്തിലെ പുതിയ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും. പെഗാസസ് ചാര സോഫ്റ്റ്‌വേര്‍ ഇസ്രയേലില്‍നിന്ന് ഇന്ത്യ വാങ്ങിയതാണെന്ന 'ന്യൂയോര്‍ക് ടൈംസി'ന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ഇരുസഭകളിലും പ്രതിപക്ഷം ആവശ്യപ്പെടും. എന്നാല്‍, പെഗാസസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മാണം, അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം തുടങ്ങിയ വിഷയങ്ങളും പ്രതിപക്ഷം ഉന്നയിക്കും. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് പാര്‍ലമെന്റ് സമ്മേളനം.

ലോക്‌സഭ വൈകീട്ട് നാലുമുതല്‍

കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കാരണം ബുധനാഴ്ച മുതല്‍ രാജ്യസഭ രാവിലെ 10 മുതല്‍ മൂന്നര വരെയും ലോക്‌സഭ വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പതു വരെയുമാണ് ചേരുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com