ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് വലിയ അവസരം; തുറന്നമനസോടെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എംപിമാരോട് അഭ്യര്‍ഥിച്ച് മോദി - വീഡിയോ

ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി ഈ സമ്മേളനത്തെ ഫലപ്രദമാക്കണം
പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട്, എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട്, എഎന്‍ഐ

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനം ഇന്ത്യയ്ക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, വാക്‌സിനേഷനില്‍ കൈവരിച്ച നേട്ടം എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.

നിലവിലെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ഒരു പാട് സാധ്യതകളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, വാക്‌സിനേഷന്‍ പ്രോഗ്രാം, തദ്ദേശീയമായി നിര്‍മ്മിച്ച വാക്‌സിനുകള്‍ എന്നിവയില്‍ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിന് ബജറ്റ് സമ്മേളനം കരുത്തുപകരും. 

അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബജറ്റ് സമ്മേളനത്തെയും ചര്‍ച്ചകളെയും ബാധിക്കുമെന്നത് സത്യമാണ്. രാജ്യത്ത് ഒരു വര്‍ഷം നടപ്പാക്കേണ്ട പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന രൂപരേഖ എന്ന നിലയില്‍ ബജറ്റ് സമ്മേളനത്തെ അതിന്റേതായ പ്രാധാന്യത്തോടെ കാണാന്‍ എംപിമാര്‍ ശ്രമിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. 

ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി ഈ സമ്മേളനത്തെ ഫലപ്രദമാക്കണം. ഈ വര്‍ഷത്തിന്റെ അവശേഷിക്കുന്ന കാലത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുറന്ന മനസോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചര്‍ച്ചയില്‍ പങ്കെടുക്കണം. അതിലൂടെ വികസനത്തിന്റെ വേഗത കൂട്ടുന്നതില്‍ പങ്കാളികളായി മാറണമെന്നും മോദി അഭ്യര്‍ഥിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com