അമരാവതിയിലേത് ഭീകരപ്രവര്‍ത്തനം; മരുന്നുകട ഉടമയുടെ കൊലപാതകത്തില്‍ യുഎപിഎ ചുമത്തി എന്‍ഐഎ കേസെടുത്തു

 മഹാരാഷ്ട്രയിലെ അമരാവതിയില്‍ മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ വകുപ്പ് ചേര്‍ത്ത് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങി
അമരാവതി കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നു, കൊല്ലപ്പെട്ട ഉമേഷ്‌
അമരാവതി കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോകുന്നു, കൊല്ലപ്പെട്ട ഉമേഷ്‌

മുംബൈ:  മഹാരാഷ്ട്രയിലെ അമരാവതിയില്‍ മരുന്നുകട ഉടമ കൊല്ലപ്പെട്ട കേസില്‍ യുഎപിഎ വകുപ്പ് ചേര്‍ത്ത് എന്‍ഐഎ കേസെടുത്ത് അന്വേഷണം തുടങ്ങി.കൊലക്കുറ്റം, ഗൂഢാലോചന, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തി. അമരാവതിയില്‍ നടന്നത് ദേശസുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനമാണെന്ന് എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. 

ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്ന ചില പോസ്റ്റുകള്‍ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്റാവു കോല്‍ഹെ (54) വാട്‌സാപ്പില്‍ പങ്കുവച്ചിരുന്നതായി മഹാരാഷ്ട്ര പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മുഖ്യപ്രതി ഇര്‍ഫാന്‍ ഖാന്‍ (32) അടക്കമുള്ള പ്രതികള്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് ഇയാള്‍ പിടിയിലായത്.

അമരാവതിയിലെ ബിജെപി നേതൃത്വമാണ് ഉമേഷിന്റെ മരണത്തില്‍ സംശയവും പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. 

ഉമേഷിന്റെ കൊലപാതകത്തിന് ഉദയ്പുരിലെ കനയ്യ ലാലിന്റെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് മഹാരാഷ്ട്ര ബിജെപി ആരോപിച്ചിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് എന്‍ഐഎ അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്.

'നൂപുര്‍ ശര്‍മ വിവാദമാണ് ഉമേഷ് കൊല്‍ഹെയുടെ കൊലപാതകത്തിന് കാരണം. നൂപുര്‍ ശര്‍മയെ പിന്തുണച്ചതുകൊണ്ടാണ് അദ്ദേഹത്തെ കൊന്നതെന്ന് കൊലയാളികള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാല്‍ പൊലീസ് അത് മറയ്ക്കാന്‍ ശ്രമിക്കുകയാണ്'- അമരാവതിയിലെ ബിജെപി നേതാവ് തുഷാര്‍ ഭാരതിയ പറഞ്ഞു. 

ജൂണ്‍ 21ന് നടന്ന ഉമേഷിന്റെ കൊലപാതകം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കില്‍ 22ന് കനയ്യ ലാലിന്റെ കൊലപാതകം നടക്കില്ലായിരുന്നു എന്നും ബിജെപി നേതാവ് പറഞ്ഞു. കടയില്‍ നിന്ന് മടങ്ങവെ, ജൂണ്‍ 21ന് വൈകുന്നേരമാണ് ഉമേഷിനെ ഒരുസംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇത് മോഷണത്തിന് വേണ്ടിയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ഉദയ്പുര്‍ കൊലപാതകത്തിന് പിന്നാലെ ബിജെപി ആരോപണവുമായി രംഗത്തുവരികയായിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com