പട്ന: ബിഹാറില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതി പൊളിച്ചതായി ബിഹാര്‍ പൊലീസ്. പട്ന കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തു. 2047നുള്ളില്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് വെളിപ്പെടുത്തി. അതര്‍ പര്‍വേസ്, മുഹമ്മദ് ജലാലുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 12നായിരുന്നു പ്രധാനമന്ത്രി ബിഹാറിലെത്തിയത്.
പട്നയ്ക്കു സമീപം ഫുല്‍വാരി ഷരീഫില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെത്തുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശീലനം. മോദി എത്തുന്നതിനു രണ്ടാഴ്ച മുന്‍പാണ് ഇവരെ പിടികൂടിയത്. ആക്രമണം നടത്തുന്നതിനായി ഇവര്‍ ജൂലൈ 6, 7 തീയതികളില്‍ പ്രത്യേകം യോഗം ചേര്‍ന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
പിടിയിലായവരുടെ ഓഫിസുകളില്‍ പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് സംശയാസ്പദമായ നിലയില്‍ ചില രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം. '2047 ഇന്ത്യ ഇസ്ലാമിക് ഇന്ത്യയുടെ ഭരണത്തിലേക്ക്' എന്ന തലക്കെട്ടിലുള്ള ഒരു രേഖയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ മറ്റു ചില ലഘുലേഖകളും പിടിച്ചെടുത്തു.
ഫുല്‍വാരി ഷരീഫ് മേഖല കേന്ദ്രീകരിച്ച് ഭീകരവാദ സംഘം തമ്പടിച്ചിരിക്കുന്നതായി ഇന്റലിജന്‍സിന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിത്യസന്ദര്‍ശകരായിരുന്ന കൂടുതല്‍ യുവാക്കളും കേരളം, ബംഗാള്‍, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുണ്ട്.
പിടിയിലായ യുവാക്കള്‍ക്ക് പാകിസ്ഥാന്, ബംഗ്ലദേശ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു.
ഈ വാർത്ത കൂടി വായിക്കാം കോവിഡ്: എംകെ സ്റ്റാലിന് ആശുപത്രിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates