അവിവാഹിതയാണ് എന്നതുകൊണ്ടു മാത്രം ഗര്‍ഭഛിദ്രം നിഷേധിക്കാനാവില്ല: സുപ്രീം കോടതി

നിയമത്തിനു കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഭേദഗതിയില്‍ ഭര്‍ത്താവ് എന്നതിനു പകരം പങ്കാളി എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കോടതി
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അവിവാഹിതയാണ് എന്നതു കൊണ്ടു മാത്രം ഒരു സ്ത്രീക്കു ഗര്‍ഭഛിദ്രം നിഷേധിക്കാനാവില്ലെന്ന് സുപ്രീം കോടതി. 24 ആഴ്ച പ്രായമുള്ള ഗര്‍ഭം അസലിപ്പിക്കാന്‍ അനുമതി തേടി ഇരുപത്തിയഞ്ചുകാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്ക് എതിരെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹേതര ബന്ധത്തില്‍നിന്നുണ്ടായ ഗര്‍ഭം അസലിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഒഫ് പ്രഗ്നന്‍സി ചട്ടങ്ങളുടെ ഭേദഗതി ഉള്‍ക്കൊള്ളാതെയാണ് ഹൈക്കോടതി നടപടിയെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. 

നിയമത്തിനു കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ഭേദഗതിയില്‍ ഭര്‍ത്താവ് എന്നതിനു പകരം പങ്കാളി എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. അവിവാഹിതകളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് നിയമ നിര്‍മാതാക്കള്‍ കാണിച്ച ജാഗ്രതയാണിത്. വിവാഹേതര ബന്ധങ്ങളെക്കൂടി നിയമത്തിന്റെ പരിധിയില്‍ വരുമെന്ന വ്യക്തമായ സൂചനയാണ് ഇതിലുള്ളത്. വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപ്രകാരം അനുമതിയുണ്ടെന്നത് കോടതി എടുത്തു പറഞ്ഞു.

താത്പര്യമില്ലാത്ത ഗര്‍ഭവുമായി മുന്നോട്ടുപോവണമെന്ന് പരാതിക്കാരിയോടു പറയുന്നത് നിയമത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ല. പരാതിക്കാരിയുടെ വിഷയം പരിശോധിക്കാന്‍ ഡല്‍ഹി എയിംസ് മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. യുവതിയുടെ ജീവനു ഭീഷണിയില്ലെന്നു മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്ന പക്ഷം ഗര്‍ഭഛിദ്രത്തിനു നടപടികളുമായി ആശുപത്രിക്കു മുന്നോട്ടുപോവാം. റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com