ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്ന് പ്രഖ്യാപിക്കും, വോട്ടെണ്ണൽ രാവിലെ 11 മണിക്ക് തുടങ്ങും, ഫലം അറിയുക വൈകിട്ടോടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 08:12 AM  |  

Last Updated: 21st July 2022 08:18 AM  |   A+A-   |  

president_election_result

ദ്രൗപദി മുർമു, യശ്വന്ത് സിൻഹ

 

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന് ഇന്ന് അറിയാം. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും.  എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. 

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തി. 

നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുമായി എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് വ്യക്തമായ മുൻതൂക്കമുണ്ട്. നിലവിൽ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചത് പരി​ഗണിച്ചാൽ, ആകെ വോട്ടുമൂല്യത്തിൽ 60 ശതമാനത്തിലധികം നേടി ദ്രൗപദി ഇന്ത്യയുടെ രാഷ്ട്രപതിയാകും. ഇപ്പോഴത്തെ കണക്കിൽ ദ്രൗപദി ലഭിക്കാവുന്ന വോട്ടുമൂല്യം 6.61 ലക്ഷത്തിന് മുകളിലാണ്. 

പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷവും. 10,86,431 ആണ് ആകെ വോട്ടുമൂല്യം. 17 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് യശ്വന്ത് സിൻഹയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതും ആശ്വാസമായി. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക നിലനിൽക്കുന്നുണ്ട്. 
 

ഈ വാര്‍ത്ത കൂടി വായിക്കാം 

സോണിയാ ​ഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; രാജ്യവ്യാപക പ്രതിഷേധത്തിന് കോൺ​ഗ്രസ്​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ