ഇതൊന്നും മന്ത്രി അറിയാതെയാണോ?; മരിച്ചയാളുടെ പേരില്‍ മകള്‍ക്ക് ബാര്‍ ലൈസന്‍സ്, സ്മൃതി ഇറാനിക്ക് എതിരെ കോണ്‍ഗ്രസ്, പക വീട്ടലെന്ന് മറുപടി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ റസ്റ്ററന്റില്‍ ബാര്‍ ലൈസന്‍സ് എടുത്തത് മരിച്ചയാളുടെ പേരിലാണെന്ന വിവാദം പുകയുന്നു
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം
കേന്ദ്രമന്ത്രി സ്മൃതി ഇറാനി/ഫയല്‍ ചിത്രം

പനാജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ റസ്റ്ററന്റില്‍ ബാര്‍ ലൈസന്‍സ് എടുത്തത് മരിച്ചയാളുടെ പേരിലാണെന്ന വിവാദം പുകയുന്നു. സ്മൃതി ഇറാനിക്ക് എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ലൈസന്‍സില്‍ തിരിമറി കാണിച്ചതിന് സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനിക്ക് നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ വേട്ടയാടുകയാണെന്നും സ്ഥലം മാറ്റത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. 

'സ്മൃതിയെ പിന്തുണയ്ക്കുന്നവരുടെ കുട്ടികള്‍ ലുലുമാള്‍ ഹനുമാന്‍ ചാലിസ-നമാസ് വിഷയത്തില്‍ മുഴുകിയിരിക്കുമ്പോള്‍ മന്ത്രിയുടെ കുട്ടികള്‍ ഇന്ത്യയ്ക്ക് പുറത്തു പഠിക്കുകയാണ്, ഇത് നല്ലതാണ്. സ്മൃതി ഇറാനിയുടെ പിന്‍ബലത്തില്‍ മക്കള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്'- പവന്‍ ഖേര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സ്മൃതിയുടെ കുടുംബം  നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് മരിച്ചയാളുടെ പേരിലുള്ള ബാര്‍ ലൈസന്‍സ് എന്നും അദ്ദേഹം ആരോപിച്ചു. ഗോവയിലെ മറ്റു റസ്റ്റ്‌റന്റുകള്‍ക്ക് ഒന്നും ലഭിക്കാത്ത രണ്ട് ബാര്‍ ലൈസന്‍സ് ഈ റസ്റ്ററന്റിനുണ്ട്. ഇതൊന്നും സ്മൃതി ഇറാനി അറിയാതെയാണോ നടക്കുന്നത് എന്ന് ഖേര ചോദിച്ചു. നോട്ടീസ് അയച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള നീക്കം ആരംഭിച്ചതായി അറിഞ്ഞു. ഇത് മന്ത്രിയുടെ ഇടപെടല്‍ ഇല്ലാതെയാണോ നടക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. 

മാധ്യമങ്ങളെ തടയാനായി ബാറിന് ചുറ്റും തണ്ടര്‍ബോള്‍ട്ട് സംഘത്തെ നിയമിച്ചിരിക്കുയാണെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. എന്നാല്‍ ഇതുവരെയും വിവാദത്തില്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം വന്നിട്ടില്ല. അതേസമയം, വിഷയത്തില്‍ സോയിഷ് ഇറാനിയുടെ വക്കീല്‍ പ്രതികരണവുമായി രംഗത്തെത്തി. തന്റെ കക്ഷി ഒരു റസ്റ്ററന്റിന്റെയും ഉടമസ്ഥയോ നടത്തിപ്പുകാരിയോ അല്ലെന്ന് നോട്ടീസില്‍ പറയുന്നു. സോയിഷിന് ഇതിന്റെ പേരില്‍ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 

സ്മൃതി ഇറാനിയോടുള്ള രാഷ്ട്രീയ പക തീര്‍ക്കാനായി സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി മകള്‍ക്ക് എതിരെ വ്യാപക വ്യാജ പ്രചാരണം നടത്തുകയാണെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com