'എന്റെ അച്ഛന്റെ ചിത്രം ഉപയോഗിക്കരുത്; സ്വന്തം പിതാവിന്റെ ഫോട്ടോ വെച്ച് വോട്ട് തേടൂ'; ഷിന്‍ഡെയ്ക്ക് എതിരെ ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കടന്നാക്രമിച്ച് ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ
ഉദ്ധവ് താക്കറെ/ഫയല്‍ ചിത്രം
ഉദ്ധവ് താക്കറെ/ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ കടന്നാക്രമിച്ച് ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. താന്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലായിരുന്ന സമയത്ത് ഷിന്‍ഡെയും കൂട്ടരും ശിവസേനയെ ഒറ്റുകയായിരുന്നു എന്ന് അദ്ദേഹം പാര്‍ട്ടി മുഖപത്രം സാമ്‌നയില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'എന്റെ സര്‍ക്കാര്‍ പോയി. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു. എനിക്കതില്‍ വിഷമമില്ല. പക്ഷേ എന്റെ സ്വന്തം ആളുകള്‍ ഒറ്റുകാരായി മാറി. എന്റെ ശസ്ത്രക്രിയ കഴിഞ്ഞ സമയത്ത് അവര്‍ എന്നെ താഴെയിറക്കാന്‍ ശ്രമിച്ചു'- ഉദ്ധവ് താക്കറെ പറഞ്ഞു. കോടതിയിലും തെരുവിലും ശിവസേന ജയിക്കുമെന്ന് പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി നടക്കുന്ന കേസ് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.  

'അവരെന്നെ വഞ്ചിച്ചു. പാര്‍ട്ടി പിളര്‍ത്തി. അവര്‍ക്ക് അവരുടെ സ്വന്തം പിതാക്കന്‍മാരുടെ ചിത്രം ഉപയോഗിച്ചാണ് വോട്ട് തേടേണ്ടത്. ശിവസേനയുടെ പിതാവിന്റെ ചിത്രം ഉപയോഗിച്ച് വോട്ട് തേടുന്നത് അവസാനിപ്പിക്കണം.'- ഉദ്ധവ് പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുമ്പോള്‍ ചിലര്‍ തന്റെ അസുഖം കുറയാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചതായി താന്‍ അറിഞ്ഞെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ പാര്‍ട്ടി തലവനാണ്. സര്‍ജറി കഴിഞ്ഞ് എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ ഗൂഢാലോചന നടത്തി. ഈ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം ഞാന്‍ ജീവിക്കും. രണ്ടാം നമ്പര്‍ പദവി നല്‍കി ഞാന്‍ ഒരാളെ പാര്‍ട്ടി ചുമതലകള്‍ നല്‍കിയിരുന്നു. പാര്‍ട്ടിയെ പരിപാലിക്കാന്‍ ഞാന്‍ നിങ്ങളെ വിശ്വസിച്ചിരുന്നു, നിങ്ങള്‍ ആ വിശ്വാസം തകര്‍ത്തു.'-ഉദ്ധവ് പറഞ്ഞു. 

കോണ്‍ഗ്രസിനെ നെഹ്‌റു കുടുംബത്തില്‍ നിന്ന് വേര്‍പിരിക്കാന്‍ നോക്കുന്നത് പോലെയാണ് ശിവസേനയെ താക്കറെ കുടുംബത്തില്‍ നിന്ന് പിരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ശിവസേനയേയും താക്കറെ കുടുംബത്തേയും വേര്‍തിരിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്. വോട്ടിന് വേണ്ടി എന്റെ പിതാവിന്റെ ചിത്രം ഉപയോഗിക്കരുത്.  എല്ലാവരും അവരവരുടെ മാതാപിതാക്കളുടെ ചിത്രം ഉപയോഗിച്ചാല്‍ മതി. നിര്‍ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല, പക്ഷേ അവര്‍ (വിമതര്‍) സ്വന്തം മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങണം. എന്തിനാണ് എന്റെ പിതാവിനെ മോഷ്ടിക്കുന്നത്. നിങ്ങള്‍ക്ക് സമര്‍പ്പണമില്ല, കര്‍ത്തവ്യ ബോധമില്ല, ധൈര്യമില്ല. നിങ്ങളൊരു മനുഷ്യനാണോ? നിങ്ങളൊരു ഒറ്റുകാരന്‍ മാത്രമാണ്'-ഷിന്‍ഡെയ്ക്ക് എതിരെ ഉദ്ധവ് താക്കറെ തുറന്നടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com