

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ക്കു തുടക്കമായതോടെ രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമിയെച്ചൊല്ലി, ഭരണസഖ്യമായ എന്‍ഡിഎയില്‍ ചര്‍ച്ചകള്‍ മുറുകി. ഗോത്ര വിഭാഗത്തില്‍നിന്നുള്ള ഒരാളെ പരമോന്നത പദവിയില്‍ എത്തിക്കാന്‍ ബിജെപി നേതൃത്വത്തിനു താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലാത്തപക്ഷം മുസ്ലിം ആയിരിക്കും രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്നും സൂചനയുണ്ട്.
ഝാര്‍ഖണ്ഡിലെ മുന്‍ ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ഛത്തിസ്ഗഢ് ഗവര്‍ണര്‍ അനുസൂയ ഉയിക്കെ, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് എന്നിവരുടെ പേരുകളാണ് രാഷ്ട്രപതി സ്ഥാനത്തേക്കു ബിജെപി ക്യാംപുകളില്‍ പറഞ്ഞുകേള്‍ക്കുന്നത്. ഇതില്‍ ഗോത്രവിഭാഗത്തില്‍നിന്നുള്ള മുര്‍മുവിന്റെയും മുസ്ലിം ആയ ആരിഫ് മുഹമ്മദ് ഖാന്റെയും പേരുകള്‍ക്കു പ്രാമുഖ്യമുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പേരും പാര്‍ട്ടി നേതൃത്വത്തിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന.
ഗോത്രവര്‍ഗത്തില്‍നിന്നുള്ള രാഷ്ട്രപതി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താത്പര്യമുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. മുര്‍മുവിന്റെ പേരിന്റെ പ്രാധാന്യം ഇതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മോദിയുമായും ആര്‍എസ്എസ് നേതൃത്വവുമായും എന്‍ഡിഎ ഘടകകക്ഷികളുമായും മികച്ച ബന്ധം പുലര്‍ത്തുന്നയാളാണ് മുര്‍മു. ഒഡിഷയിലെ സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മുര്‍മു ഝാര്‍ഖണ്ഡില്‍ കാലാവധി തികച്ച ആദ്യ ഗവര്‍ണര്‍ ആണ്. ഛത്തിസ്ഗഢ് ഗവര്‍ണര്‍ അനസൂയ ഉയിക്കെയും ഗോത്രവിഭാഗത്തില്‍നിന്നുള്ള നേതാവാണ്.
ആരിഫ് മുഹമ്മദ് ഖാന്റെ പേര് നേരത്തെ തന്നെ ബിജെപി നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ട്. അടുത്തിടെ പ്രവാചക നിന്ദ വിഷയത്തില്‍ മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നു വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ ഒരു മുസ്ലിമിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ആരിഫ് മുഹമ്മദ് ഖാന് ചര്‍ച്ചകളില്‍ മുന്‍തൂക്കമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ ഖാന്‍ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
