അട്ടിമറി നടക്കുമോ?; നിർണായക രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന്

കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ  എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിര്‍ണായകമായ രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോണ്‍ഗ്രസിനും ബിജെപിക്കും തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളാണ് രാജ്യസഭയില്‍ ഒഴിവു വന്നിട്ടുള്ളത്. ഇതില്‍ 41 ഇടത്ത് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാലു സംസ്ഥാനങ്ങളിലായി അവശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക, ഹരിയാന സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്. കുതിര കച്ചവട സാധ്യത ഭയന്ന് രാഷ്ട്രീയ പാർട്ടികൾ ഹരിയാനയിലും, രാജസ്ഥാനിലും, മഹാരാഷ്ട്രയിലും എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു. കര്‍ണ്ണാടകയിലും എംഎല്‍എമാരെ കുതിരക്കച്ചവട സാധ്യത ഭയന്ന് റിസോര്‍ട്ടിലേക്കാക്കി. ജെഡിഎസ്സിന്‍റെ മുഴുവൻ  എംഎല്‍മാരെയുമാണ്  റിസോര്‍ട്ടിലേക്ക് മാറ്റിയത്. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനില്‍ നാലു സീറ്റുകളാണ് ഒഴിവുള്ളത്. ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസിന് ലഭിക്കും. ദേശീയ നേതാക്കളായ മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദി തിവാരി എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. ഘനശ്യാം തിവാരിയാണ് ബിജെപി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ തമ്മിലടിയില്‍ അട്ടിമറി പ്രതീക്ഷിച്ച് ബിജെപി, സീ ന്യൂസ് ചാനൽ  ഉടമ സുഭാഷ് ചന്ദ്രയെ സ്വതന്ത്രനായി രംഗത്തിറക്കിയിട്ടുണ്ട്. 

മഹാരാഷ്ട്രയില്‍ ആറു സീറ്റാണ് ഒഴിവുള്ളത്. എന്നാല്‍ ഏഴുപേരാണ് മത്സരരംഗത്തുള്ളത്. ബിജെപി മൂന്നുപേരെയും ശിവസേന രണ്ടുപേരെയും കോണ്‍ഗ്രസും എന്‍സിപിയും ഓരോരുത്തരെയും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നു. ബിജെപിക്ക് രണ്ടു സീറ്റില്‍ ജയിക്കാമെന്നിരിക്കെയാണ്, മൂന്നു സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിട്ടുള്ളത്. 

ഹരിയാനയില്‍ മാധ്യമ പ്രമുഖന്‍ കാര്‍ത്തികേയ ശര്‍മ്മയുടെ രംഗപ്രവേശമാണ് വോട്ടെടുപ്പിലേക്ക് എത്തിച്ചത്. ബിജെപി, ജെജെപി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് കാര്‍ത്തികേയ മത്സരരംഗത്തെത്തിയത്. അജയ് മാക്കനാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഹരിയാനയില്‍ ബിജെപി, ജെജെപി എംഎല്‍എമാരെ ചണ്ഡീഗഡിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കര്‍ണാടകയില്‍ നാലാം സീറ്റിന് വേണ്ടിയാണ് കടുത്ത മത്സരം നിലനില്‍ക്കുന്നത്. കര്‍ണ്ണാടകയിലെ നാല് സീറ്റുകളില്‍ ആറ് സ്ഥാനാര്‍ത്ഥികളാണുള്ളത്. ജയിക്കാന്‍ വേണ്ടത് 45 വോട്ടുകളാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com