എന്ത് ചാരിറ്റി പ്രവര്‍ത്തനം നടത്തി?; ഗാന്ധി കുടുംബത്തിന് 414 കോടിയുടെ സാമ്പത്തിക നേട്ടമുണ്ടായി; രാഹുലിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്ന് ഇഡി

അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും ഓഹരിയും  യങ് ഇന്ത്യ ലിമിറ്റഡിന്റെ പേരിലേക്കാണ് മാറ്റിയത്
രാഹുല്‍ഗാന്ധി/ പിടിഐ ചിത്രം
രാഹുല്‍ഗാന്ധി/ പിടിഐ ചിത്രം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 
'യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി' കമ്പനീസ് ആക്ടിലെ വകുപ്പ് 25 (ചാരിറ്റബിള്‍ ആക്ട്) അനുസരിച്ച് രൂപം നല്‍കിയതാണെന്ന് രാഹുല്‍ഗാന്ധി ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. ലാഭം ഉണ്ടാക്കുക ലക്ഷ്യമല്ലെന്നും ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ ലാഭവിഹിതം നല്‍കേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ വാദം ഇ ഡി ഉദ്യോഗസ്ഥര്‍ രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കി ഖണ്ഡിച്ചു.

അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ 800 കോടിയിലേറെ വിലവരുന്ന ആസ്തി ഗാന്ധി കുടുംബത്തിന്റെ മാത്രം ഉടമസ്ഥതയിലേക്കു മാറ്റിയതിന്റെ രേഖകളാണ് ഇ ഡി ഹാജരാക്കിയത്. നാഷനല്‍ ഹെറാള്‍ഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും ഓഹരിയും രാഹുല്‍ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡിന്റെ പേരിലേക്കാണ് മാറ്റിയത്. ഇതുവഴി ഗാന്ധി കുടുംബത്തിന് 414 കോടി രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടായി. നാഷനല്‍ ഹെറാള്‍ഡിന്റെ ആസ്തിയില്‍ നിന്ന് വാടക അടക്കമുള്ള വരുമാനം ലഭിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.

ചാരിറ്റബിള്‍ നിയമം അനുസരിച്ചാണ് കൈമാറ്റം നടന്നതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാല്‍ എന്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചോദിച്ചു. 2010 മുതല്‍ അത്തരം ഒരു പ്രവര്‍ത്തനവും യങ് ഇന്ത്യ നടത്തിയിട്ടില്ലെന്നും തെളിവുകള്‍ നിരത്തി അവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ വ്യാപാരപ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ രേഖകളും ഹാജരാക്കി. കൈമാറ്റത്തിലെ ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ആദായ നികുതി അപ്‌ലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവും ഹാജരാക്കി. കൈമാറ്റം രഹസ്യമായും ദുരൂഹമായും നടന്നു എന്ന നിലപാടിലാണ് ഇഡി ഉദ്യോഗസ്ഥര്‍. 

നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് ഗാന്ധി കുടുംബം ഒരു ലക്ഷം രൂപ കമ്മീഷന്‍ നല്‍കിയതായും ഇഡി സൂചിപ്പിച്ചു. യംഗ് ഇന്ത്യ രൂപീകരിച്ച് ഒരുമാസം മാത്രമായിരിക്കെയാണ്, അഞ്ചു ലക്ഷം രൂപ മാത്രം മൂല്യമുള്ള കമ്പനിക്ക്, കൊല്‍ക്കത്ത ആസ്ഥാനമായ ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് ഒരു കോടി രൂപ വായ്പ അനുവദിച്ചത്. ഇത് നിഴല്‍ കമ്പനിയാണെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടാണ് നടന്നതെന്നുമാണ് ആരോപണം ഉയര്‍ന്നത്. ഇക്കാര്യത്തിലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ രാഹുല്‍ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

പാര്‍ട്ടി മുഖപത്രമായിരുന്ന നാഷനല്‍ ഹെറാള്‍ഡിന് 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം.  2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചിരുന്നു. പിന്നീട് സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com