ന്യൂഡല്‍ഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 35 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഞായറാഴ്ച സര്‍ക്കാര്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെതാണ് നടപടി. പദ്ധതിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ നീക്കം.
എന്നാല്‍ ഈ വാട്‌സ് ഗ്രൂപ്പുകളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായി അറിവില്ല.
അതേസമയം, പ്രതിരോധ സേനകള്‍ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് തീയതികള്‍ പ്രഖ്യാപിച്ചു. കരസേനയില്‍ റിക്രൂട്ട്‌മെന്റ് റാലി ഓഗസ്റ്റ് പകുതിയോടെ നടത്തും. കരസേനയില്‍ അഗ്‌നിപഥ് വഴിയുള്ള നിയമനവുമായി ബന്ധപ്പെട്ട് നാളെ വിജ്ഞാപനമിറക്കും. മൂന്ന് സേനയിലെ പ്രതിനിധികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
വ്യോമസേനയില്‍ അഗ്‌നിവീരന്മാരെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 24ന് ആരംഭിക്കും. ജൂലൈ 24ന് ആദ്യഘട്ട ഓണ്‍ലൈന്‍ പരീക്ഷ ആരംഭിക്കും. ഡിസംബറില്‍ അഗ്‌നിവീരന്മാരുടെ പരിശീലനം ആരംഭിക്കുന്ന തരത്തിലാണ് നിയമനപ്രക്രിയ നടത്തുക. ഡിസംബര്‍ 30ന് പരിശീലനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എയര്‍ മാര്‍ഷല്‍ എസ് കെ ഝാ പറഞ്ഞു.
നാവികസേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അഗ്‌നിവീരന്മാരുടെ പരിശീലനം നവംബര്‍ 21ന് ആരംഭിക്കും. നിയമനവുമായി ബന്ധപ്പെട്ട വിജ്ഞാപനം ഈ മാസം 25ന് പുറപ്പെടുവിക്കും. ഒരു മാസത്തിനുള്ളില്‍ നിയമനവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരീക്ഷ നടത്തും.അഗ്‌നിപഥ് വഴി നാവികസേനയില്‍ വനിതകള്‍ക്കും നിയമനം നല്‍കും. സെയിലര്‍മാരായാണ് നിയമനം നല്‍കുക.
കരസേനയില്‍ അഗ്‌നിവീരന്മാര്‍ക്ക് രണ്ടു ബാച്ചുകളിലായാണ് പരിശീലനം നല്‍കുക. ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി പരിശീലനം നല്‍കാനാണ് തീരുമാനം.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച അഗ്‌നിപഥ് പദ്ധതിയെ പ്രതിരോധമന്ത്രാലയം ന്യായീകരിച്ചു. സൈന്യത്തിന് കൂടുതല്‍ യുവത്വം നല്‍കാനാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് പ്രതിരോധവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി മാധ്യമങ്ങളോട് പറഞ്ഞു.
അഗ്‌നിപഥ് പദ്ധതി അനുസരിച്ച് തുടക്കത്തില്‍ 46,000 പേരെയാണ് നിയമിക്കുക. ഭാവിയില്‍ നിയമനം 1.25 ലക്ഷമായി ഉയര്‍ത്തും. അടുത്ത അഞ്ചുവര്‍ഷം ശരാശരി 60000 പേരെ വരെ പ്രതിവര്‍ഷം നിയമിക്കും. ഇത് പിന്നീട് 90000 ആയി ഉയര്‍ത്തും. ഭാവിയില്‍ പ്രതിവര്‍ഷം ഒന്നേകാല്‍ ലക്ഷം പേരെ നിയമിക്കുന്ന തലത്തിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates