'വലിയൊരു ദേശീയ ലക്ഷ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സമയമായി'; മത്സരസന്നദ്ധത സൂചിപ്പിച്ച് യശ്വന്ത് സിന്‍ഹ

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി തനിക്ക് നല്‍കിയ ബഹുമാനത്തിനും അന്തസ്സിനും നന്ദിയുണ്ട്
യശ്വന്ത് സിന്‍ഹ/ ഫയല്‍
യശ്വന്ത് സിന്‍ഹ/ ഫയല്‍

ന്യൂഡല്‍ഹി:  രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകായാന്‍ സാധ്യതയേറി. മത്സരത്തിന് സന്നദ്ധനാണെന്ന് യശ്വന്ത് സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ അറിയിച്ചതായാണ് സൂചന. വലിയൊരു ദേശീയ ലക്ഷ്യത്തിനായി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സമയമായിരിക്കുന്നു എന്ന് യശ്വന്ത് സിന്‍ഹ ട്വിറ്ററിലൂടെ വ്യക്തമാക്കി. 

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി തനിക്ക് നല്‍കിയ ബഹുമാനത്തിനും അന്തസ്സിനും നന്ദിയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറിനില്‍ക്കുന്നതിനുള്ള തീരുമാനം മമത അംഗീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും യശ്വന്ത് സിന്‍ഹ ട്വീറ്റില്‍ പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ  തീരുമാനിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ ചേരും. 

ഇതിനു മുന്നോടിയായി ശരദ് പവാര്‍ പ്രതിപക്ഷ നേതാക്കളുമായി ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചാല്‍ മാത്രമേ, യശ്വന്ത് സിന്‍ഹയുടെ  സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കൂ എന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും നിബന്ധന മുന്നോട്ടുവെച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന യശ്വന്ത് സിന്‍ഹ നേതൃത്വവുമായി പിണങ്ങി 2018 ലാണ് പാര്‍ട്ടി വിടുന്നത്. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹ, തൃണമൂല്‍ ദേശീയ ഉപാധ്യക്ഷനാണ്.  84 കാരനായ യശ്വന്ത് സിന്‍ഹ മുമ്പ് കേന്ദ്ര ധനകാര്യമന്ത്രിയായും വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

രണ്ടാഴ്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍; സോണിയ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com