ഇടിച്ചുനിരത്തലിന് കലാപക്കേസുമായി ബന്ധമില്ല; നടപടി തികച്ചും നിയമപരം: യുപി സര്‍ക്കാര്‍ 

നിയമപരമായാണ് കാണ്‍പുരിലെയും പ്രയാഗ്‌രാജിലെയും ഇടിച്ചുനിരത്തലെന്ന് യുപി സര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഇടിച്ചുനിരത്തലിന് പ്രവാചക നിന്ദയ്ക്ക് എതിരെയുണ്ടായ കലാപങ്ങളുമായി ബന്ധമില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമപരമായാണ് കാണ്‍പുരിലെയും പ്രയാഗ്‌രാജിലെയും ഇടിച്ചുനിരത്തലെന്ന് യുപി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

പ്രവാചക നിന്ദയ്ക്ക് എതിരെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളുടെ വീട് ഇടിച്ചുനിരത്തുന്നതിനെ ചോദ്യം ചെയ്ത് ജമാഅത്തെ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണ് യുപി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അനധികൃത നിര്‍മാണത്തിന് എതിരായ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നടപടിയുടെ ഭാഗമാണ് ഇടിച്ചുനിരത്തില്‍. നിയമപ്രകാരമാണ് ഈ നടപടി മുന്നോട്ടുപോവുന്നത്. അതിനു സംസ്ഥാന സര്‍ക്കാരുമായി ബന്ധമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ സ്വയംഭരണ അവകാശമുള്ളവയാണെന്നും യുപി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

തദ്ദേശ സ്ഥാപനങ്ങളുടെ നടപടിക്കു വിധേയമായ ആരും അതിനെ ചോദ്യം ചെയ്തു കോടതിയെ സമീപിച്ചിട്ടില്ല. നടപടി നിയമപരമാണ് എന്നതുകൊണ്ടാണത്. കലാപക്കേസിലെ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നത് സിആര്‍പിസി, ഗുണ്ടാ നിയമം, സാമൂഹ്യ വിരുദ്ധ നിയമം, പൊതുമുതല്‍ നശിപ്പിക്കലിന് എതിരായ നിയമം തുടങ്ങിയവയൊക്കെ അനുസരിച്ചാണ്. നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇടിച്ചുനിരത്തിലെ കെട്ടിടങ്ങള്‍ നിയമ വിരുദ്ധമായി നിര്‍മിച്ചതാണെന്ന് ഉടമകള്‍ തന്നെ സമ്മതിച്ചിട്ടുള്ളതാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ പരാതിയുണ്ടെങ്കില്‍ അതു ബാധിക്കുന്നവര്‍ വേണം കോടതിയെ സമീപിക്കാനെന്ന്, ഷഹീന്‍ ബാഗ് കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞു. ഷഹീന്‍ബാഗിലെ പൊളിക്കലിനെതിരെ സിപിഎം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com