'ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല; സ്വപ്നത്തിൽ പോലും കരുതാത്ത കാര്യം': ഇതിശ്രീ മുര്‍മു 

ദ്രൗപദി മുര്‍മു നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
ഇതിശ്രീ മുര്‍മു/ എഎന്‍ഐ
ഇതിശ്രീ മുര്‍മു/ എഎന്‍ഐ

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ തെരഞ്ഞെടുത്തത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് മകള്‍. ഇത്തരത്തിലൊരു പദവിയിലേക്ക് പരിഗണിക്കപ്പെടുമെന്ന് സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. അമ്മയും അമ്പരപ്പില്‍ നിന്നും ഇപ്പോഴും പൂര്‍ണമുക്തയായിട്ടില്ലെന്ന് ദ്രൗപദി മുര്‍മുവിന്റെ മകള്‍ ഇതിശ്രീ മുര്‍മു ഭുവനേശ്വറില്‍ പറഞ്ഞു. 

അതേസമയം എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഭുവനേശ്വറിലെ എംസിഎല്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് ദ്രൗപദി മുര്‍മുവിന് ഊഷ്മള യാത്രയയപ്പ് നല്‍കി. ദ്രൗപദി മുര്‍മു നാളെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. 

ദ്രൗപദി മുര്‍മുവിന് നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും, ബിഹാറിലെ നിതീഷ്‌കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും പിന്തുണ പ്രഖ്യാപിച്ചു. ഒഡീഷയുടെ മകളാണ് ദ്രൗപദിയെന്നും, പാര്‍ട്ടിഭേദം മറന്ന് സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരും ദ്രൗപദി മുര്‍മുവിന് വോട്ടുചെയ്യണമെന്നും നവീന്‍ പട്‌നായിക് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രതിപക്ഷ നിരയിലുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ദ്രൗപദി മുര്‍മുവിനെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്ത് ഇതാദ്യമായി ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരു വനിത രാജ്യത്തെ സുപ്രധാന പദവിയിലേക്ക് എത്താന്‍ സാധ്യതയേറി. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ് ദ്രൗപദി മുര്‍മു. ഒഡീഷയിലെ സന്താൾ ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമു രണ്ട് തവണ സംസ്ഥാനത്തെ എംഎൽഎ ആയിരുന്നു.

ഒഡീഷ സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.  പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയില്‍നിന്ന് വിദ്യാഭ്യാസം നേടിയ മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടര്‍ന്ന് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com