'ഐ ലവ് നമോ'; ഫെയ്‌സ്ബുക്കില്‍ 'മോദി ഭക്തന്‍', നിരവധി ഭീകര പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍, അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് 'ഡ്രോണ്‍ ഓപ്പറേഷന്‍'

ജമ്മു കശ്മീരില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
താലിബിന്റെ രജൗരി പൊലീസ് പുറത്തുവിട്ട ചിത്രം, താലിബിന്റെ ഫെയ്‌സ്ബുക്ക് ഫോട്ടോ
താലിബിന്റെ രജൗരി പൊലീസ് പുറത്തുവിട്ട ചിത്രം, താലിബിന്റെ ഫെയ്‌സ്ബുക്ക് ഫോട്ടോ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡ്രോണ്‍ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അമര്‍നാഥ് തീര്‍ത്ഥാടനത്തിനുള്ള ആദ്യ സംഘത്തിന്റെ യാത്ര പുറപ്പെടുന്നതിന് തൊട്ടു മുന്‍പ് നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. 

മുഹമ്മദ്‌ ഷബീര്‍, മുഹമ്മദ്‌ സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ലഷ്‌കറെ ത്വയിബ അംഗങ്ങളാണ്. മുഖ്യപ്രതിയായ താലിബ് ഷാ ഒളിവിലാണ്.-ജമ്മു കശ്മീര്‍ പൊലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

പാക് അധിനിവേശ കശ്മീരിലുള്ള ഖാസിം എന്നയാളാണ് തങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതെന്ന് ഇവര്‍ വെളിപ്പെടുത്തിയതായി ജമ്മു എഡിജിപി മുകേഷ് സിങ് പറഞ്ഞു. അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, മുഖ്യ സൂത്രധാരനായ താലിബ് രജൗരി സ്‌ഫോടന കേസിലെ പ്രധാന ആസൂത്രകനാണ്. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പുകഴ്ത്തിയുള്ള പോസ്റ്റുകളാണുള്ളത്. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചറില്‍ മോദിയുടെ ചിത്രവും ചേര്‍ത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ന്യൂസ് സെഹര്‍ ഇന്ത്യ എന്ന പേരില്‍ ഇയാള്‍ ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും നടത്തി വന്നിരുന്നതായി ജമ്മു പൊലീസ് പറയുന്നു. ഇയാള്‍ ലഷ്‌കറെ ത്വയിബയുടെ രജൗരി മേഖല കമാന്‍ഡര്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. പീര്‍പാഞ്ചല്‍ മേഖല കേന്ദ്രീകരിച്ച് യുവാക്കളെ ഭീകര സംഘടനയിലേക്ക് എത്തിക്കാന്‍ താലിബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com