ഓട്ടോ ഡ്രൈവറില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്; താക്കറെ കുടുംബത്തിന്റെ അടിവേരിളക്കിയ 'താനെ കടുവ'

താക്കറെയുടെ മറാത്താ വാദത്തില്‍ ആകൃഷ്ടനായി ശിവസേനയെ ആരാധിച്ച ഷിന്‍ഡെ, ഇന്ന് അതേ ശിവസേനയുടെ ശവക്കുഴി തോണ്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിലേക്കെത്തിയിരിക്കുന്നു
ഏക്‌നാഥ് ഷിന്‍ഡെ
ഏക്‌നാഥ് ഷിന്‍ഡെ

താനെയിലെ ബിയര്‍ ബ്രൂവറിയിലും ഓട്ടോ റിക്ഷ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് ഏക്‌നാഥ് ഷിന്‍ഡെ. ബാല്‍ താക്കറെയുടെ മറാത്താ വാദത്തില്‍ ആകൃഷ്ടനായി ശിവസേനയെ ആരാധിച്ച ഷിന്‍ഡെ, ഇന്ന് അതേ ശിവസേനയുടെ ശവക്കുഴി തോണ്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി കസേരയിലേക്കെത്തിയിരിക്കുന്നു. 

സത്താര ജില്ലയില്‍ നിന്ന് എഴുപതുകളുടെ തുടക്കത്തില്‍ താനെയിലേക്ക് കുടിയേറിയതാണ് ഷിന്‍ഡെയുടെ കുടുംബം. 1964 ഫെബ്രുവരി ഒമ്പതിനാണ് ഷിന്‍ഡെയുടെ ജനനം. ഡിഗ്രി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ  രാഷ്ട്രീയത്തിലേക്ക് കടന്നു. ശിവസേനയുടെ അന്നത്തെ ജില്ലാ പ്രസിഡന്റ് ആനന്ദ് ദിഗെയായിരുന്നു രാഷ്ട്രീയത്തിലെ തലതൊട്ടപ്പന്‍. ദിഗെയുമായുള്ള ബന്ധം പതിയെ വളരുകയും തുടര്‍ന്ന് ശിവസേനയുടെ പ്രധാന നേതാവായി മാറുകയും ചെയ്തു.

താനെയില്‍ ശിവസേനയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഷിന്‍ഡെ, 1997ലാണ് ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചുകൊണ്ട് തുടക്കം. 

2001 ഓഗസ്റ്റില്‍ ആനന്ദ് ദിഗെയുടെ മരണ ശേഷം, അദ്ദേഹത്തിന്റെ ഉത്തമ ശിഷ്യനായി പേരെടുത്ത ഷിന്‍ഡെ താനെയുടെ നേതാവി. 2004ല്‍ കോപ്രി-പച്ച്പാഖാഡി സീറ്റില്‍ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭ കണ്ടു. പിന്നീട് തുടര്‍ച്ചയായി നാലു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 

'അഗ്രസീവ് പൊളിറ്റീഷന്‍' ആയിരുന്നില്ല പൊതുജനങ്ങള്‍ക്ക് ഷിന്‍ഡെ. എന്നാല്‍ പാര്‍ട്ടി തലങ്ങളില്‍ വളരെ ചടുലായി ജോലി ചെയ്യുന്ന നേതാവാണ്. ബാല്‍ താക്കറെയുടെ മരണത്തോടെ, ഉദ്ധവ് യുഗത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പരിഗണന കിട്ടുന്നില്ലെന്ന പരിഭവം ഷിന്‍ഡെയ്ക്കുണ്ടായിരുന്നു. 

എന്‍സിപിയുമായും കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കുന്നതില്‍ ഷിന്‍ഡെയ്ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് മനസ്സിലാക്കിയ ബിജെപി, സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോഴും, ഷിന്‍ഡെയെ വെറുതെവിട്ടു. 

പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാമനായി മകന്‍ ആദിത്യ താക്കറെയെ പ്രതിഷ്ഠിക്കാനുള്ള ഉദ്ധവിന്റെ ശ്രമം തിരിച്ചറിഞ്ഞ ഷിന്‍ഡെ, നിലനില്‍പ്പിനെ കുറിച്ച് ഭയന്നുതുടങ്ങി. താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഒറ്റയ്ക്ക് മത്സരിക്കണമെന്ന നിര്‍ദേശം ഉദ്ധവ് തള്ളിയതോടെ, ബിജെപി പാളയത്തിലേക്ക് നീങ്ങാനുള്ള തീരുമാനം ഷിന്‍ഡെയെടുത്തു. 

'മാതോശ്രീ'യെന്ന താക്കറെമാരുടെ കുടുംബവീട്ടിലെത്തി അവരെ കാണുകയെന്നത് ശിവസേന എംഎല്‍എമാര്‍ക്ക് പോലും എളുപ്പമല്ലെന്ന് മഹാരാഷ്ട്രയില്‍ പരക്കെ കഥയുണ്ട്. എന്നാല്‍ ഏക്‌നാഥ് ഷിന്‍ഡെ അങ്ങനെയല്ല. എക്കാലത്തും ജനകീയ മുഖം നിലനിര്‍ത്തിപ്പോരാന്‍ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് കഴിഞ്ഞിട്ടുണ്ട്.  

അടിമുടി ശിവസേനക്കാരനാണ് എന്നാണ് ഷിന്‍ഡെ ഇപ്പോഴും പറയുന്നത്. ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമുണ്ടെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബാല്‍ താക്കറെയുടെ പേര് ആവര്‍ത്തിച്ചുരുവിട്ട്  പാര്‍ട്ടിക്കാരുടെ വിശ്വാസം ആര്‍ജിക്കാന്‍ ശ്രമിക്കുന്നു. പോയവര്‍ പോട്ടെ, ശിവസൈനികര്‍ താക്കറെ കുടുംബത്തെ കൈവിടില്ലെന്ന പ്രതീക്ഷിയിലാണ് ഉദ്ധവ്. ശിവസൈനികരുടെ വൈകാരികത കൃത്യമായി അറിയുന്ന ബിജെപി,  മുഖ്യമന്ത്രി പദം നല്‍കി ഷിന്‍ഡയെ കടുവകള്‍ക്ക് മുന്നില്‍ ഇറക്കി നിര്‍ത്തിയിരിക്കുകയാണ്. ഇക്കളിയില്‍ ഇനിയറിയേണ്ടത്, മറാത്ത കടുവകള്‍ ഷിന്‍ഡെയുടെ കൂട്ടിലാണോ താക്കറെയുടെ കോട്ടയിലാണോ കയറുക എന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com