ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന്. സിംഗപ്പൂരിന്‍റെ ഭൗമ നിരീക്ഷക ഉപഗ്രഹമടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ വച്ചാണ് വിക്ഷേപണം നടക്കുക. പിഎസ്എൽവി സി53 ആണ് വിക്ഷേപണ വാഹനം.
ഐഎസ്ആർഒ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ രണ്ടാമത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് ഇന്ന് നടക്കുന്നത്. സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് സിങ്കപ്പൂരിന്‍റെ ഭൗമനിരീക്ഷക ഉപഗ്രഹമായ ഡിഎസ്ഇഒ, അടക്കം മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണ വാഹനമായ PSLV കുതിച്ചുയരും. ഇതിനുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകുന്നേരം തുടങ്ങി.
കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് എഎസ്ആർഒ ബ്രസീലിന്‍റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിലെത്തിച്ചത്. പിഎസ്എൽവിയുടെ അൻപത്തിയഞ്ചാമത്തേയും പിഎസ്എൽവി കോർ എലോൺ റോക്കറ്റിന്‍റെ പതിനഞ്ചാമത്തേയും വിക്ഷേപണമാണിത്. 365 കിലോഗ്രാം തൂക്കമുള്ള DSEO യെ ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് മുഖ്യദൗത്യം. കൂടാതെ സിങ്കപ്പൂരിന്‍റെ തന്നെ NeuSAR ഉപഗ്രഹവും സിങ്കപ്പൂർ നാൻയാങ് സാങ്കേതിക സർവകലാശാല വികസിപ്പിച്ച SCOOB 1 എന്ന 2.8 കിലോഗ്രാം തൂക്കമുള്ള ചെറു പഠന ഉപഗ്രഹവും പിഎസ്എൽവി സി 53 ഭ്രമണപഥത്തിൽ എത്തിക്കും.
വിക്ഷേപണത്തിന്‍റെ നാലാം ഘട്ടത്തിൽ റോക്കറ്റിന്‍റെ ഭാഗമായ ഓർബിറ്റൽ എക്സ്പെരിമെന്‍റൽ മൊഡ്യൂൾ സ്ഥിരം ഭ്രമണപഥത്തിൽ നിലനിർത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യൻ സ്പേസ് സ്റ്റാർട്ട് അപ്പുകളായ ദിഗന്തര, ധ്രുവ സ്‌പേസ് എന്നിവയുടേതടക്കം ആറ് പേലോഡുകൾ ഇതിലുണ്ട്. വിക്ഷേപിച്ച റോക്കറ്റിന്‍റെ അവശിഷ്ടഭാഗത്തിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ച് താൽക്കാലിക ഉപഗ്രഹമെന്നോണം പരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നത് ഇതാദ്യമാണ്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates