നടനില്‍ നിന്നും നാടിന്റെ നായകനിലേക്ക്; പഞ്ചാബിന്റെ 'കെജരിവാള്‍'

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടനായും സ്റ്റാന്‍ഡ് അപ് കൊമേഡിയനായും ഭഗവന്ത് മന്‍ തിളങ്ങി
ഭഗവന്ത് സിങ് മന്‍/ഫയല്‍ ചിത്രം
ഭഗവന്ത് സിങ് മന്‍/ഫയല്‍ ചിത്രം

ചണ്ഡീഗഢ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖമാണ് ഭഗവന്ത് സിങ് മന്‍. എഎപി സംസ്ഥാന കണ്‍വീനര്‍ ആയ ഭഗവന്തിനെ മുന്നില്‍ നിര്‍ത്തിയാണ് പാര്‍ട്ടി ഇത്തവണ നിയമസഭയിലേക്ക് വോട്ടുതേടിയത്. സിംഗൂരില്‍ നിന്നും രണ്ടു തവണ എംപിയാ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഭഗവന്ത് സിങ് മന്‍.

രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടനായും സ്റ്റാന്‍ഡ് അപ് കൊമേഡിയനായും ഭഗവന്ത് മന്‍ തിളങ്ങി. 1973 ഒക്ടോബര്‍ 17ന് ജാട്ട് സിഖ് കുടുംബത്തിലാണ് ഭഗവന്തിന്റെ ജനനം. ഷഹീദ് ഉദ്ദം സിംഗ് ഗവ. കോളജില്‍ നിന്ന് ബിരുദം നേടി. ഇന്റര്‍ കോളേജീയറ്റ് കോമഡി മത്സരങ്ങളിലുടെ ശ്രദ്ധേയനായി.

ജഗ്താര്‍ ജാഗ്ഗി ആയിരുന്നു ഭഗവന്തിന്റെ ആദ്യ കോമഡി ആല്‍ബം. ജുഗ്‌നു കെഹന്ദാ ഹേ എന്ന ടെലിവിഷന്‍ പ്രോഗ്രാമും ചെയ്തു. 2008ല്‍, സ്റ്റാര്‍ പ്ലസിലെ ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ചില്‍ മത്സരിച്ചത് ഭഗവന്തിന് ഏറെ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. ദേശീയ അവാര്‍ഡ് നേടിയ 'മെയിന്‍ മാ പഞ്ചാബ് ഡീ' എന്ന ചിത്രത്തിലും ഭഗവന്ത് മാന്‍ അഭിനയിച്ചിട്ടുണ്ട്.

രാഷ്ട്രീയത്തിലെത്തുന്നത് 2011 ല്‍

2011 ല്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിലൂടെയായിരുന്നു ഭഗവന്തിന്റെ രാഷ്ട്രീയപ്രവേശം. 2012 ല്‍ ലെഹ്‌റ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014 ലാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. 2017 ലും, 2019 ലും സംഗ്രൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജലാലാബാദില്‍ മത്സരിച്ചിരുന്നെങ്കിലും സുഖ്ബാര്‍ സിങ് ബാദലിനോട് പരാജയപ്പെട്ടു.  ലോക്‌സഭയില്‍ ഉള്‍പ്പെടെ ഭഗവന്ത് മന്‍ മദ്യപിച്ചെത്തിയത് വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് എതിരാളികള്‍ മദ്യപാനിയെന്ന് വിളിച്ച് ആക്ഷേപിച്ചു. 2019ല്‍, മദ്യപാനം ഉപേക്ഷിക്കുന്നതായി ഭഗവന്ത് പ്രഖ്യാപിച്ചു.

ടെലി വോട്ടിങ്ങിലൂടെ മന്‍ മുന്നിലെത്തി

ഇത്തവണ ജനങ്ങളുടെ അഭിപ്രായം തേടിയാണ് എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ജനങ്ങള്‍ ടെലി വോട്ടിംഗിലൂടെ ഏറ്റവുമധികം വോട്ടുചെയ്ത ഭഗവത് സിങ് മന്നിനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജരിവാള്‍ പ്രഖ്യാപിക്കുകയായിരുന്നു. 93 ശതമാനത്തിലധികം പേരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മന്‍ തന്നെ വേണമെന്ന് വോട്ട് ചെയ്തത്. 21 ലക്ഷത്തിലധികം പേരാണ് ടെലി വോട്ടിംഗില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രിയായാല്‍ ജനങ്ങളെ വിട്ടൊഴിഞ്ഞു നില്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭഗവന്ത് സിങ് മന്‍ പ്രഖ്യാപിച്ചിരുന്നു. സിഎം എന്ന വാക്കിന് കോമണ്‍ മാന്‍ എന്നാണ് അര്‍ത്ഥം. എന്റെ ജീവിതത്തില്‍ എല്ലാ കാലവും പ്രശസ്തി പിന്നാലെ ഉണ്ടായിരുന്നു. അതിലൊന്നും ഞാന്‍ വീഴുകയില്ല. ജനങ്ങളുടെ ഒപ്പം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഭഗവന്ത് സിങ് മന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com