'നോയ്ഡ അന്ധവിശ്വാസം' തിരുത്തി യോഗി; വീണ്ടും ഭരണത്തിലേക്ക് 

ഉത്തര്‍പ്രദേശിലെ നോയ്ഡ സന്ദര്‍ശിക്കുന്നവര്‍ക്ക് അധികാരം നഷ്ടപ്പെടുമെന്ന അന്ധവിശ്വാസം തിരുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
യോഗി ആദിത്യനാഥ്/ഫയല്‍
യോഗി ആദിത്യനാഥ്/ഫയല്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ നോയ്ഡ സന്ദര്‍ശിക്കുന്നവര്‍ക്ക് അധികാരം നഷ്ടപ്പെടുമെന്ന അന്ധവിശ്വാസം തിരുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം 2017ലും 2021ലുമാണ് യോഗി ആദിത്യനാഥ് നോയ്ഡ സന്ദര്‍ശിച്ചത്. എന്നാല്‍ യുപി തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി യോഗി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണ്. 

യോഗിക്ക് മുമ്പ് മുഖ്യമന്ത്രിമാരായിരുന്നവര്‍ നോയ്ഡ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണ്. ഡല്‍ഹിയോട് തൊട്ടുകിടക്കുന്ന ഇവിടം സന്ദര്‍ശിച്ച മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് അന്ധവിശ്വാസം പ്രചരിക്കാന്‍ തുടങ്ങിയത്. 1988 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ ബഹാദൂര്‍ സിങ്ങിന് നോയ്ഡ സന്ദര്‍ശിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അധികാരം ഒഴിയേണ്ടി വന്നതോടെയാണ് ഈ കഥ വ്യാപകമാകുന്നത്. പിന്നീട് വന്ന മുഖ്യമന്ത്രിമാരായ സമാജ്വാദി പാര്‍ട്ടിയുടെ മുലായം സിങ് യാദവ്, അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവ്, ബിജെപി മുഖ്യമന്ത്രിമാരായ കല്യാണ്‍ സിങ്, രാജ്നാഥ് സിങ് തുടങ്ങിയവര്‍ അധികാരത്തിലിരുന്ന വേളയില്‍ നോയ്ഡ ഒഴിവാക്കി.

നോയ്ഡ സന്ദര്‍ശനം നിരവധി മുഖ്യമന്ത്രിമാര്‍ ഒഴിവാക്കി

എന്നാല്‍ ബിഎസ്പി അധ്യക്ഷ കൂടിയായ മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നോയ്ഡ സന്ദര്‍ശിച്ചിട്ടുണ്ട്. 2007 മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന സമയത്താണ് മായാവതി നോയ്ഡ സന്ദര്‍ശിച്ചത്. പക്ഷേ 2012ല്‍ അവര്‍ക്ക് അധികാരം നഷ്ടമായതോടെ ഈ അന്ധവിശ്വാസം കൂടുതല്‍ പ്രബലമായി.

2012 ല്‍ അധികാരത്തില്‍ വന്ന അഖിലേഷ് യാദവ് അടുത്ത വര്‍ഷം നോയ്ഡയില്‍ എഡിബി സംഘടിപ്പിച്ച ഉച്ചകോടി ബഹിഷ്‌കരിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് ആയിരുന്നു അന്നത്തെ ചടങ്ങിലെ മുഖ്യാതിഥി. ഫെബ്രുവരിയില്‍ അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുതെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അഖിലേഷ് യാദവ് നോയ്ഡ സന്ദര്‍ശിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നോയ്ഡ 'ദൗര്‍ഭാഗ്യം' കണക്കിലെടുക്കാതെ യോഗി നോയ്ഡ തുടര്‍ച്ചയായി സന്ദര്‍ശിച്ച പശ്ചാത്തലത്തിലായിരുന്നു അഖിലേഷിന്റെ സന്ദര്‍ശനം. 

നോയ്ഡയില്‍ പോകുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസവുമുണ്ടെന്ന് സ്വന്തം അനുഭവം വിശദീകരിച്ചാണ് അഖിലേഷ് സന്ദര്‍ശനത്തെ ന്യായീകരിച്ചത്. 2012ല്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് 2011ല്‍ താന്‍ സൈക്കിള്‍ യാത്ര നടത്തിയത് നോയ്ഡയില്‍ നിന്നാണെന്നാണ് അഖിലേഷിന്റെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com