'യുപിയിലെ പതനത്തിന് ആരാണ് കാരണം? കോൺ​ഗ്രസ് ഒരിക്കലും പഠിക്കില്ല'- പരിഹസിച്ച് അമരീന്ദർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 03:27 PM  |  

Last Updated: 11th March 2022 03:27 PM  |   A+A-   |  

amarinder singh

അമരീന്ദര്‍ സിങ്/ഫയല്‍ ചിത്രം

 

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് അമരീന്ദറിന്റെ പരിഹാസം. കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ലെന്ന് അമരീന്ദർ ട്വിറ്ററിലിട്ട കുറിപ്പിൽ വ്യക്തമാക്കി. 

പഞ്ചാബിലേറ്റ കനത്ത തിരിച്ചടിക്ക് കാരണം മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണത്തിനെതിരായ ജനവികാരമാണ് എന്നായിരുന്നു കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അമരീന്ദർ സിങിന്റെ ട്വീറ്റ്.

കോൺഗ്രസ് നേതാക്കൾ ഒരിക്കലും പഠിക്കില്ല. ആരാണ് യുപിയിൽ കോൺഗ്രസിന്റെ പതനത്തിന് കാരണം? മണിപ്പൂരിന്റെ, ഗോവയുടെ, ഉത്തരാഖണ്ഡിന്റെ അവസ്ഥ എന്താണ്? ഇതിനുള്ള ഉത്തരം വലിയ അക്ഷരങ്ങളിൽ ചുമരിൽ എഴുതി വെച്ചാലും അവരത് വായിക്കാൻ പോകുന്നില്ല - കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ കോൺ​ഗ്രസിനെ തൂത്തെറിഞ്ഞ് 117 സീറ്റുകളിൽ 92 സീറ്റുകളാണ് എഎപി നേടിയത്. കനത്ത തോൽവിക്ക് പിന്നാലെയാണ് അമരീന്ദർ സിങിന്റെ ഭരണത്തിനെതിരായ ഭരണ വിരുദ്ധ വികാരം തങ്ങൾക്ക് മറികടക്കാൻ സാധിച്ചില്ലെന്ന് അവകാശപ്പെട്ട് കോൺഗ്രസ് വക്താവ് സുർജെവാല രംഗത്തെത്തിയത്.