ദക്ഷിണേന്ത്യ ലക്ഷ്യം വെച്ച് കെജരിവാള്‍; കേരളത്തില്‍ 'പൊടിതട്ടിയെടുക്കും', തെലങ്കാനയില്‍ പദയാത്ര

പഞ്ചാബ് നിയമസഭയിലേക്കുള്ള വമ്പന്‍ വിജയത്തിന് ശേഷം, കൂടുതല്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശ്രമവുമായി എഎപി
എഎപി ആഘോഷപ്രകടനം/ഫയല്‍
എഎപി ആഘോഷപ്രകടനം/ഫയല്‍


ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭയിലേക്കുള്ള വമ്പന്‍ വിജയത്തിന് ശേഷം, കൂടുതല്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശ്രമവുമായി എഎപി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കന്നത്. 

'പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തില്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്ന് അഭൂതപൂര്‍വമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്'- എഎപി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു. 

നിലവില്‍ കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് യൂണിറ്റുകളുണ്ട്. ഇതില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പുകളില്‍ നേരത്തെ എഎപി മത്സരിച്ചിട്ടുണ്ട്. തൃശൂര്‍ അടക്കമുള്ള മേഖലകളില്‍ എഎപിക്ക് മികച്ച പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട് പ്രവര്‍ത്തനങ്ങള്‍ ക്ഷയിക്കുകയായിരുന്നു. കര്‍ണാടക, ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിച്ചിരുന്നു. 

ഏപ്രില്‍ 14ന് അംബേദ്കര്‍ ജയന്തിയില്‍ തെലങ്കാനയില്‍ ആദ്യ പദയാത്ര നടത്താനാണ് ആലോചിക്കുന്നതെന്ന് ഭാരതി വ്യക്തമാക്കി. എല്ലാ നിയമസഭ മണ്ഡലങ്ങളിലും യാത്ര നടത്തും. അരവിന്ദ് കെജരിവാളിന്റെയും അംബേദ്കറിന്റെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ച് ഓരോ വീടുകളിലും കയറി പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഎപി ഭരണത്തിന് കീഴില്‍ ഡല്‍ഹിയിലെ ജനജീവിതത്തിന് വന്ന മാറ്റങ്ങള്‍ ദക്ഷിണേന്ത്യയിലെ ജനങ്ങളോട് വിവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com