

ലഖ്നൗ: കർണാടകയിൽ ഉയർന്ന ഹിജാബ് വിവാദം ഉത്തർപ്രദേശിലും. ആഗ്രയിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ക്യാമ്പസിൽ പ്രവേശിപ്പിച്ചില്ലെന്ന് ആരോപണം. അലിഗഢിലെ കോളജാണ് ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ വിലക്കിയത്. അധികൃതർ നിർദേശിച്ച യൂണിഫോം ഇല്ലാതെ ക്യാമ്പസിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കി കോളജ് അധികൃതർ നോട്ടീസ് പതിച്ചു.
ശ്രീവർഷിണി കോളജാണ് ഹിജാബ് ധരിച്ച വിദ്യാർഥികളെ വിലക്കിയത്. ക്ലാസിൽ പങ്കെടുക്കുമ്പോൾ മുഖം മറയ്ക്കരുതെന്നും കോളജ് അധികൃതർ നിർദേശിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് നിരവധി വിദ്യാർത്ഥികൾ ക്ലാസിൽ ഇരിക്കാതെ വീടുകളിലേക്ക് മടങ്ങി.
ഹിജാബും ബുർഖയും അഴിയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടെന്നും കോളജിലേക്ക് പ്രവേശനം അനുവദിച്ചില്ലെന്നും ഹിജാബ് ധരിക്കാതെ ക്ലാസിൽ ഇരിക്കില്ലെന്നും പെൺകുട്ടികൾ വ്യക്തമാക്കി. കോളജിൽ ഡ്രസ് കോഡ് ഉണ്ടെന്നും അത് പാലിക്കണമെന്ന് മുന്നറിയിപ്പാണ് വിദ്യാർത്ഥികൾക്ക് നൽകിയതെന്നും കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബീന ഉപാധ്യായ പറഞ്ഞു. വിദ്യാർത്ഥികൾ കോളജിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണെമന്ന് മാത്രമേ പറയുന്നുള്ളൂവെന്ന് കോളജ് മേധാവി അനിൽ വർഷിനിയും വ്യക്തമാക്കി. എന്നാൽ നേരത്തെ കോളജിൽ ഹിജാബ് അനുവദിച്ചിരുന്നെന്നും പെട്ടെന്നാണ് ഹിജാബ് നിരോധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെന്നും ആരോപണമുണ്ട്.
ഒന്നാം വർഷവും രണ്ടാം വർഷവും മുഴുവൻ ഹിജാബ് ധരിച്ചാണ് കോളജിൽ എത്തിതെന്നും അന്നൊന്നും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി പറഞ്ഞു. ഡോ. അംബേദ്കർ സർലകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളജ് സംസ്ഥാനത്തെ പ്രമുഖ കോളജുകളിലൊന്നാണ്. 1947ലാണ് കോളജ് സ്ഥാപിതമായത്. കണക്കനുസരിച്ച്, 7,000 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഇതിൽ 60ശതമാനവും പെൺകുട്ടികളാണ്.
കർണാടകയിലെ ഉഡുപ്പിയിലാണ് ഹിജാബ് വിവാദം ഉടലെടുത്തത്. കോളജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാത്തതിനെ തുടർന്നാണ് വിവാദം ഉടലെടുത്തത്. പിന്നീട്, സംസ്ഥാന സർക്കാർ ഹിജാബ് ധരിക്കുന്നത് മതപരമായ ആചാരമല്ലെന്ന് പറയുകയും സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നത് വിലക്കുകയും ചെയ്തു. വിഷയം ഇപ്പോൾ കോടതിയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates