ഓട്ടോറിക്ഷയില്‍ കുത്തിനിറച്ചത് 25 കുട്ടികളെ; ഒത്താശ ചെയ്ത് അധ്യാപകര്‍, അന്വേഷണം- വീഡിയോ 

തമിഴ്‌നാട്ടില്‍ ഓട്ടോറിക്ഷയില്‍ 25 വിദ്യാര്‍ഥികളെ കുത്തിനിറച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
ഓട്ടോയില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചനിലയില്‍, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ഓട്ടോയില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചനിലയില്‍, വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

ചെന്നൈ:  തമിഴ്‌നാട്ടില്‍ ഓട്ടോറിക്ഷയില്‍ 25 വിദ്യാര്‍ഥികളെ കുത്തിനിറച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി കുട്ടികളെ ഓട്ടോറിക്ഷയില്‍ കുത്തിക്കയറ്റുന്ന ദൃശ്യങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ അധ്യാപകരുടെയും ഹെഡ്മാസ്റ്ററുടെയും പങ്ക് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

തെങ്കാശിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. കുട്ടികളെ ഓട്ടോറിക്ഷയില്‍ കുത്തിനിറയ്ക്കുന്നതിന് അധ്യാപകര്‍ നേതൃത്വം നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആറിനും പത്തിനും ഇടയില്‍ പ്രായമുള്ള 25 കുട്ടികളെയാണ് ഓട്ടോറിക്ഷയില്‍ കുത്തിനിറച്ചത്.

ഏതെങ്കിലും വിധത്തില്‍ സ്ഥലംമാറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അധ്യാപകര്‍ ചെയ്യുന്ന പ്രവൃത്തിയുടെ അനന്തരഫലമാണിതെന്ന് അധികൃതര്‍ പറയുന്നു. വിവിധ കാരണങ്ങളാല്‍ അടുത്തിടെ സ്‌കൂളില്‍ പ്രവേശിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. സ്‌കൂളില്‍ ആവശ്യത്തിന് വിദ്യാര്‍ഥികള്‍ ഇല്ലെങ്കില്‍ അധികം വരുന്ന അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് സ്ഥലംമാറ്റാന്‍ വിദ്യാഭ്യാസ വകുപ്പിന് പദ്ധതിയുണ്ട്. ഇത് മുന്നില്‍ കണ്ട് സ്ഥലംമാറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിവിധ വഴികളാണ് അധ്യാപകര്‍ തേടുന്നത്.

കുട്ടികളെ സൗജന്യമായി സ്‌കൂളിലും തിരിച്ച് വീട്ടിലും എത്തിക്കാമെന്ന് പറഞ്ഞ് രക്ഷിതാക്കളെ വിശ്വാസത്തിലെടുത്ത് വിദ്യാര്‍ഥികളെ സ്‌കൂളില്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്‌കൂളില്‍ എത്തിക്കുന്നതിന് ബസും വാനും ആശ്രയിക്കുന്നതിന് പകരം ഓട്ടോറിക്ഷ തെരഞ്ഞെടുത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ പറയുന്നു.

സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി ചീഫ് എഡ്യൂക്കേഷന്‍ ഓഫീസര്‍ മുത്തുലിംഗം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com