കൂട്ട ബലാത്സംഗത്തിന് ഇരയായി; പരാതി പറയാനെത്തിയ 13കാരിയെ സ്റ്റേഷനില്‍ ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു, ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 02:14 PM  |  

Last Updated: 04th May 2022 02:14 PM  |   A+A-   |  

Gang Raped

പ്രതീകാത്മക ചിത്രം

 

ലളിത്പുര്‍ (യുപി): കൂട്ടബലാത്സംഗത്തിന് ഇരയായി പൊലീസില്‍ പരാതി നല്‍കാനെത്തിയ പതിമൂന്നുകാരിയെ സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത്പുരിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായും ഇയാള്‍ ഒളിവിലാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്നു പേര്‍ അറസ്റ്റിലായി. തട്ടിക്കൊണ്ടുപോവല്‍, ഗൂഢാലോചന, കസ്റ്റഡിയില്‍ ഉള്ളയാളെ ബലാത്സംഗം ചെയ്യല്‍, പോക്‌സോ, എസ് സി എസ് ടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.

ഏപ്രില്‍ 22ന് നാലു പേര്‍ ചേര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറയുന്നത്. ഭോപ്പാലില്‍ മൂന്നു ദിവസം മകളെ തടങ്കലില്‍ വച്ച ഇവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് ഇവര്‍ പെണ്‍കുട്ടിയെ പാലി പൊലീസ് സ്റ്റേഷനു സമീപം ഉപേക്ഷിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ എസ്എച്ച്ഒയും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം അറിയിച്ചത് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

യുപിയിലെ പൊലീസ് സ്റ്റേഷനില്‍ പോലും പെണ്‍കുട്ടികള്‍ക്കു സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബുള്‍ഡോസര്‍ രാജിലൂടെ ഭരണം നടത്തുന്ന യുപിയുടെ യഥാര്‍ഥ ചിത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഒരു പെഗ് അടിക്കാനായി നിര്‍ത്തിയിട്ടു; കുടിച്ച് പൂസായി ലോക്കോ പൈലറ്റ് ചന്തയില്‍! ട്രെയിന്‍ വൈകിയത് ഒരു മണിക്കൂര്‍; ബഹളം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ