കടുവയും പുലിയുമുള്ള നിബിഡ വനത്തില്‍ നാലുദിവസം; കാണാതായ രണ്ടര വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു, സംഭവം ഇങ്ങനെ 

കര്‍ണാടകയില്‍ വനത്തില്‍ കാണാതായ പെണ്‍കുട്ടിയെ നാലുദിവസത്തിന് ശേഷം കണ്ടെത്തി
അച്ഛന്‍ ശിവജിക്കൊപ്പം അദിതി
അച്ഛന്‍ ശിവജിക്കൊപ്പം അദിതി

ബംഗളൂരു: കര്‍ണാടകയില്‍ വനത്തില്‍ കാണാതായ പെണ്‍കുട്ടിയെ നാലുദിവസത്തിന് ശേഷം കണ്ടെത്തി. കടുവയും പുലിയും അടക്കം വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തില്‍ നിന്ന് ദിവസങ്ങള്‍ക്ക് ശേഷം രണ്ടരവയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്താന്‍ സാധിച്ചതില്‍ അത്ഭുതം പ്രകടിപ്പിക്കുകയാണ് അധികൃതര്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പോലും ദിവസങ്ങളോളം കഴിച്ചുകൂട്ടാന്‍ ബുദ്ധിമുട്ടുള്ള വനത്തില്‍ നിന്നാണ് യാതൊരുവിധ പരിക്കുകളുമില്ലാതെ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ബെലഗാവി ജില്ലയില്‍ ഖാനാപൂരിലെ ചാപോളി വനത്തിലാണ് സംഭവം. അദിതി ഇറ്റേക്കറിനെയാണ് ദിവസങ്ങളോളം പട്ടിണി കിടന്നത് മൂലം അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്. കൊതുക് കടിച്ച പാടല്ലാതെ കുട്ടിക്ക് മറ്റു പരിക്കുകളൊന്നുമില്ല. കുട്ടി സാധാരണനിലയിലേക്ക് തിരിച്ചെത്തിയതായി അധികൃതര്‍ അറിയിച്ചു.

ചപ്പോളി വനത്തിനോട് ചേര്‍ന്നുള്ള ഗ്രാമത്തിലെ ബന്ധുവീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയതാണ് അദിതി. ഏപ്രില്‍ 26ന് രാവിലെയാണ് കുട്ടിയെ കാണാതായത്. വീടിന് പിന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി വനത്തില്‍ കയറി വഴിത്തെറ്റുകയായിരുന്നു. ഈസമയത്ത് വീട്ടിനകത്തായിരുന്നു മാതാപിതാക്കള്‍.

കുട്ടിയെ കാണാതായി എന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും വനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. നാലുദിവസം നീണ്ട തെരച്ചിലിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്. മരങ്ങള്‍ക്ക് ഇടയില്‍ അബോധാവസ്ഥയിലായ നിലയിലായിരുന്നു അദിതി. വീട്ടില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ വന്നതോടെ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. രണ്ടുദിവസത്തെ ചികിത്സയ്ക്ക് ഒടുവില്‍ കുട്ടി സാധാരണനിലയിലേക്ക് തിരിച്ചുവന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com