പുതിയ രാഷ്ട്രീയപാര്‍ട്ടി ഇപ്പോഴില്ല; 3000 കിലോമീറ്റര്‍ പദയാത്ര പ്രഖ്യാപിച്ച് പ്രശാന്ത് കിഷോര്‍; 'ലാലുവും നിതീഷും ബിഹാറിനെ പിന്നോട്ടടിച്ചു'

സംസ്ഥാനത്ത് പോസിറ്റീവായ മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്
പ്രശാന്ത് കിഷോര്‍/ എഎന്‍ഐ
പ്രശാന്ത് കിഷോര്‍/ എഎന്‍ഐ

പട്‌ന: നിതീഷ് കുമാറിന്റെയും ലാലു പ്രസാദ് യാദവിന്റെയും 30 വര്‍ഷം നീണ്ട ദുര്‍ഭരണത്തെത്തുടര്‍ന്ന് ബിഹാര്‍ രാജ്യത്തെ ഏറ്റവും പിന്നോക്ക സംസ്ഥാനമായി മാറിയെന്ന് പ്രശാന്ത് കിഷോര്‍.  ബിഹാര്‍ മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ വഴി മാറണം. പുതിയ അജണ്ടയും പുതിയ ചിന്തയും പുതിയ ശ്രമങ്ങളും ആവശ്യമാണെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. 

തിരക്കിട്ട് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് തന്റെ പദ്ധതിയിലില്ലെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു. സംസ്ഥാനത്ത് പോസിറ്റീവായ മാറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി സമാനമനസ്‌കരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഭാവിയില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചേക്കും. എന്നാല്‍ അത് പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി ആയിരിക്കണമെന്നില്ല. എല്ലാവരുടേയും പാര്‍ട്ടി ആയിരിക്കുമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

ബിഹാറില്‍ 3000 കിലോമീറ്റര്‍ പദയാത്ര

പുതിയ മാറ്റവുമായി ബന്ധപ്പെട്ട് ആളുകളിലേക്ക് ഇറങ്ങാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ബിഹാറില്‍ 3000 കിലോമീറ്റര്‍ പദയാത്ര നടത്തുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പശ്ചിമ ചമ്പാരനിലെ ഗാന്ധി ആശ്രമത്തില്‍ നിന്നായിരിക്കും പദയാത്ര ആരംഭിക്കുക.അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ ബിഹാറിന്റെ പുരോഗതി ആഗ്രഹിക്കുന്ന വിവിധ ആളുകളെ കാണാന്‍ പോകുന്നു. ബിഹാറിലെ ജനങ്ങള്‍ യോജിച്ച് പുതിയ ചിന്ത സ്വീകരിക്കണം. ബിഹാറിനെ മനസ്സിലാക്കുന്ന ആളുകള്‍ക്കും അഭിനിവേശമുള്ളവര്‍ക്കും മാത്രമേ ബിഹാറിനെ മാറ്റാന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.

ആളുകളെ അവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലും എത്തി കാണുന്നതിനാണ് പദയാത്രയിൽ പ്രാധാന്യം നൽകുക. ജനങ്ങളുടെ ജീവിതാവസ്ഥ മനസ്സിലാക്കും. അവരുടെ വിഷമങ്ങളും പ്രതീക്ഷകളും കേൾക്കും. ഇതിനു മുന്നോടിയായി ബിഹാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്ന 17,000 – 18,000 ആളുകളുമായി കൂടിക്കാഴ്ച നടത്തും. അവരെയെല്ലാം ഒറ്റ വേദിയിൽ ഒന്നിച്ചുകൂട്ടാൻ ശ്രമിക്കും. ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തോടെ ഈ ദൗത്യം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷയെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. 

കോണ്‍ഗ്രസിന് ഒരു മൂല്യവും കൂട്ടിച്ചേര്‍ക്കാനാകില്ലെന്ന്‌ മനസ്സിലാക്കി

പാര്‍ട്ടി രൂപീകരണത്തിന് മുമ്പായി ജനപിന്തുണ ഉറപ്പാക്കുകയാണ് പ്രശാന്ത് കിഷോര്‍ പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ. 
കോണ്‍ഗ്രസിന് ഒരു മൂല്യവും കൂട്ടിച്ചേര്‍ക്കാന്‍ ആകില്ലെന്ന് മനസ്സിലാക്കിയെന്ന്, എന്തുകൊണ്ട് കോൺ​ഗ്രസിൽ ചേർന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രശാന്ത് കിഷോർ മറുപടി നൽകി. കോണ്‍ഗ്രസ് എന്നെ അവരുടെ എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പില്‍ അംഗമാക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ടുതന്നെ ആ ക്ഷണം നിരസിച്ചു. പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.  

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com