പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു, ഹരിയാന പൊലീസ് തടഞ്ഞു, ബിജെപി നേതാവുമായി ഡല്‍ഹി പൊലീസ് മടങ്ങി- വിഡിയോ

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബഗ്ഗയുമായി ഡല്‍ഹി പൊലീസ് തലസ്ഥാനത്തേക്കു മടങ്ങി
ബഗ്ഗ ഡല്‍ഹി പൊലീസിനൊപ്പം മടങ്ങുന്നു/വിഡിയോ ദൃശ്യം
ബഗ്ഗ ഡല്‍ഹി പൊലീസിനൊപ്പം മടങ്ങുന്നു/വിഡിയോ ദൃശ്യം

ന്യൂഡല്‍ഹി/ചണ്ഡിഗഢ്: മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ സംസാരിച്ചതിന് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത, ഡല്‍ഹിയിലെ ബിജെപി നേതാവ് തേജിന്ദര്‍ പാല്‍ സിങ് ബഗ്ഗയെ ഹരിയാന പൊലീസ് ഇടപെട്ട് ഡല്‍ഹി പൊലീസിനു തിരിച്ചുനല്‍കി. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ബഗ്ഗയുമായി ഡല്‍ഹി പൊലീസ് തലസ്ഥാനത്തേക്കു മടങ്ങി. 

ഒരു മാസം മുമ്പ് മൊഹാലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്നു ഇന്നു രാവിലെയാണ് തേജിന്ദര്‍ പാല്‍ ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വട്ടം നോട്ടീസ് നല്‍കിയിട്ടും അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. 

സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നിരന്തരം വിമര്‍ശിക്കുന്ന ബഗ്ഗയുടെ അറസ്റ്റ് നാടകീയ സംഭവങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. രാവിലെ എട്ടു മണിയോടെ ജാനകിപുരിയിലെ വീട്ടില്‍ എത്തിയ കുറച്ചുപേര്‍ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ബഗ്ഗയുടെ പിതാവ് പറഞ്ഞു. പിതാവ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് തട്ടിക്കൊണ്ടുപോവലിന് കേസ് രജിസ്റ്റര്‍ ചെയ്തു. 

അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി, എഎപി നേതാക്കള്‍ വാക് പോര് തുടരുന്നതിനിടെ ബഗ്ഗയുമായി പോയ പഞ്ചാബ് പൊലീസിന്റെ വാഹനം കുരുക്ഷേത്രയില്‍ വച്ച് ഹരിയാന പൊലീസ് തടഞ്ഞു.  ഇതിനിടെ പൊലീസ് സംഘത്തെ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നെന്ന് ആരോപിച്ച് പഞ്ചാബ് പൊലീസ് മേധാവി ഹരിയാന പൊലീസിനു കത്തു നല്‍കി. ഏറെ നീണ്ടുനിന്ന ബലാബലത്തിനൊടുവില്‍ ഹരിയാന പൊലീസ് ബഗ്ഗയെ ഡല്‍ഹി പൊലീസിനു കൈമാറുകയായിരുന്നു.

മൊഹാലി സ്വദേശിയായ സണ്ണി അലുവാലിയ നല്‍കിയ പരാതിയിലാണ് ബഗ്ഗയ്‌ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തത്. കെജരിവാളിനെതിരെയാണ്, കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് ബഗ്ഗ പരാമര്‍ശം നടത്തിയത്. 

കെജരിവാളിന്റെ സ്വേഛാധിപത്യ സ്വഭാവമാണ് ബഗ്ഗയുടെ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആംആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലെ പൊലീസിനെ ഉപയോഗിച്ച് ഏകാധിപതിയെപ്പോലെയാണ് കെജരിവാളിന്റെ പ്രവര്‍ത്തനമെന്ന് ബിജെപി ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com