തോക്ക് ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ കുരങ്ങന്‍ 'മോഷ്ടിച്ചു'; കൊലപാതകക്കേസില്‍ കോടതിയില്‍ വിചിത്ര വാദവുമായി പൊലീസ് 

കൊലപാതകക്കേസിന്റെ വാദത്തിനിടെ കോടതിയില്‍ വിചിത്രവാദവുമായി രാജസ്ഥാന്‍ പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: കൊലപാതകക്കേസിന്റെ വാദത്തിനിടെ കോടതിയില്‍ വിചിത്രവാദവുമായി രാജസ്ഥാന്‍ പൊലീസ്. കേസില്‍ തെളിവായി ശേഖരിച്ച തൊണ്ടിമുതലുകളുമായി കുരങ്ങന്‍ കടന്നുകളഞ്ഞു എന്നതായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസ് കസ്റ്റഡിയില്‍ നിന്ന് കുരങ്ങന്‍ എടുത്തുകൊണ്ടുപോയ കൂട്ടത്തില്‍ കൊലയ്ക്ക് ഉപയോഗിച്ച തോക്കും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2016ല്‍ നടന്ന ശശികാന്ത് ശര്‍മ്മയുടെ കൊലപാതകക്കേസാണ് പൊലീസ് അന്വേഷിക്കുന്നത്. മൂന്ന് ദിവസമായി കാണാതായ യുവാവിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ശര്‍മ്മയെ കൊലപ്പെടുത്തിയതാണ് എന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നിരുന്നു. ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കേസില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ നീണ്ടുപോകുകയാണ്. അടുത്തിടെ തെളിവുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് പൊലീസ് വിചിത്ര ന്യായീകരണം നിരത്തിയത്. തൊണ്ടിമുതലുകളുമായി കുരങ്ങന്‍ കടന്നുകളഞ്ഞു എന്നതായിരുന്നു പൊലീസിന്റെ രേഖാമൂലമുള്ള വിശദീകരണം. സ്ഥലമില്ലാത്തതിനാല്‍ പൊലീസ് സ്റ്റേഷനില്‍ മരത്തിന് താഴെ തെളിവുകള്‍ അടങ്ങുന്ന ബാഗ് വച്ചിരുന്ന സമയത്താണ് കുരങ്ങന്‍ എടുത്തുകൊണ്ടുപോയത്. ബാഗില്‍ 15ലധികം തെളിവുകളാണ് ഉണ്ടായിരുന്നത്.

പൊലീസിന്റെ വിശദീകരണം കേട്ട് രോഷാകുലനായ ജഡ്ജി പൊലീസിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. കൃത്യവിലോപം കാണിച്ച കോണ്‍സ്റ്റബിളിനെ നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരുന്നതായും പിന്നീട് വിരമിച്ച ഉദ്യോഗസ്ഥന്‍ മരിച്ചതായും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com