പ്രതിയെ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ നൽകാനാവില്ല; രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്ന് അതോറിറ്റി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 10:13 AM  |  

Last Updated: 06th May 2022 10:13 AM  |   A+A-   |  

Aadhaar CARD

ഫയൽ ചിത്രം

 

ന്യൂഡൽഹി: ആധാർ നമ്പറിനും അതിന്റെ സ്ഥിരീകരണത്തിനുമല്ലാതെ ഇതുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ പങ്കിടാൻ സാധിക്കില്ലെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). വിവരങ്ങൾ പങ്കിടുന്നത് അനുവ​ദനീയമല്ലെന്ന് യുഐഡിഎഐ ഡൽഹി ഹൈക്കോടതിയെയാണ് അറിയിച്ചത്. 

ഒരു കേസിലെ പ്രതിയെ ആധാർ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയണമെന്ന ഹർജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്. ഒരു കൊലപാതക, കവർച്ച കേസിൽ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാർ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താൻ നിർദേശം നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 

ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങൾ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാർ നിയമത്തിലെ 29ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി കോടതിയിൽ വിശദീകരിച്ചു. ഇന്ത്യൻ പൗരന്മാരുടെ സവിശേഷത ഉറപ്പാക്കുന്നതിനാണ് ബയോമെട്രിക് വിവരങ്ങൾ യുഐഡിഎഐ ശേഖരിച്ചതെന്നും അതു മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കാം

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന, 3500ന് മുകളില്‍; മഹാരാഷ്ട്രയില്‍ 40 ദിവസത്തിന് ശേഷം ആദ്യമായി 200 കടന്നു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ