'സിപിഎമ്മിന് എന്തു കാര്യം? '; വിമര്‍ശനവുമായി സുപ്രീം കോടതി, ഷഹീന്‍ ബാഗ് ഹര്‍ജിയില്‍ ഇടപെട്ടില്ല

ഷഹീന്‍ ബാഗിലെ താമസക്കാര്‍ ഹര്‍ജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച്
'സിപിഎമ്മിന് എന്തു കാര്യം? '; വിമര്‍ശനവുമായി സുപ്രീം കോടതി/ഫയല്‍ ചിത്രം
'സിപിഎമ്മിന് എന്തു കാര്യം? '; വിമര്‍ശനവുമായി സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സിപിഎം എന്തിനാണ് ഹര്‍ജി നല്‍കുന്നതെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചു. ഷഹീന്‍ ബാഗിലെ താമസക്കാര്‍ ഹര്‍ജിയുമായി സമീപിക്കട്ടെയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. 

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയില്‍ എത്തിയതിന് സിപിഎമ്മിനെ ബെഞ്ച് വിമര്‍ശിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി ഇടപെടാനാവില്ല. ഇതല്ല ഉചിതമായ വേദി. ഹര്‍ജി പിന്‍വലിക്കാത്ത പക്ഷം തള്ളുമെന്ന് കോടതി അറിയിച്ചു. തുടര്‍ന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കയ്യേറ്റമുണ്ടെങ്കില്‍ ഒഴിപ്പിക്കുക തന്നെ വേണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അതില്‍ അധികൃതര്‍ നിയമം ലംഘിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാം- കോടതി പറഞ്ഞു.

ജഹാംഗിര്‍പുരിയിലെ ഒഴിപ്പിക്കല്‍ തടഞ്ഞ ഉത്തരവ്, സിപിഎമ്മിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി സുരേന്ദ്ര നാഥ് ചൂണ്ടിക്കാട്ടിയപ്പോള്‍ കോടതിയുടെ പ്രതികരണം ഇങ്ങനെ: ''അനധികൃതമാണെങ്കില്‍ പോലും തന്റെ വീട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള ലൈസന്‍സ് അല്ല ആ  ഉത്തരവ്. ആ ഉത്തരവിന്റെ മറവില്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കാനാവില്ല. ഇതില്‍ ഇടപെടുന്നില്ല, അതും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടി'' 

രാഷ്ട്രീയ നേട്ടത്തിനായാണ് സിപിഎം ഹര്‍ജി നല്‍കിയതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീം കോടതിയെ സമീപിച്ചത് ഇതിനാണെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com