ഡല്‍ഹിയുടെ 80 ശതമാനവും കയ്യേറ്റം; അതു മുഴുവന്‍ ഇടിച്ചു നിരത്തുമോ?, ബിജെപിക്ക് എതിരെ കെജരിവാള്‍

സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഇടിച്ചു നിരത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും 63 ലക്ഷംപേരെ വഴിയാധാരമാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കുടിയൊഴിപ്പിക്കല്‍ നടപടിയില്‍ ബിജെപിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ഇടിച്ചു നിരത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും 63 ലക്ഷംപേരെ വഴിയാധാരമാക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 

'ബിജെപി അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. ഡല്‍ഹി ആസൂത്രിത നഗരമായി വികസിച്ചിട്ടില്ല. ഡല്‍ഹിയുടെ 80 ശതമാനത്തിലേറെയും നിയമവിരുദ്ധവും കയ്യേറ്റവുമാണെന്ന് വിളിക്കാം. അതിനര്‍ത്ഥം ഡല്‍ഹിയുടെ 80 ശതമാനവും നിങ്ങള്‍ ഇടിച്ചുനിരത്തും എന്നാണേ?' കെജരിവാള്‍ ചോദിച്ചു. 

വിഷയത്തില്‍ എഎപി എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നിങ്ങള്‍ 63 ലക്ഷം ആളുകളെ ഭവനരഹിതരാക്കും, വീടുകളും കടകളും ഇടിച്ചു നിരത്തി അവരുടെ ദൈനംദിന ജീവിതം നശിപ്പിക്കും. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഇടിച്ചുനിരത്തലാകും അത്. ആരും അത് സഹിക്കില്ല,'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭരണസമിതി കാലാവധി കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷനുകള്‍ ഇത്രയും വലിയ തീരുമാനമെടുക്കാന്‍ ധാര്‍മികവും നിയമപരവും ഭരണഘടനാപരവുമായ എന്തെങ്കിലും അധികാരമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്തിയതിന് ശേഷം, പുതിയ ഭരണസമിതികള്‍ ഇത്തരം വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. 

നഗരസഭകളില്‍ എഎപി വിജയിക്കുമെന്നും അതിന് ശേഷം, അനധികൃത കയ്യേറ്റങ്ങളുടെ വിഷയത്തില്‍ പരിഹാരമുണ്ടാക്കുമെന്നും നഗരം കൂടുതല്‍ സുന്ദരമാക്കുമെന്നും കെജരിവാള്‍ പറഞ്ഞു.അനധികൃത ചേരികള്‍ നിയമാനുസൃതമാക്കുകയും അവിടങ്ങളിലുള്ളവര്‍ക്ക് വീടുവെച്ച് താമസിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അത് നീക്കം ചെയ്യാനുള്ള സമയം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടിച്ചുനിരത്തല്‍ നടപടികള്‍ക്ക് എതിരെ നിലകൊള്ളാന്‍ എഎപി എംഎല്‍എമാര്‍ക്ക് താന്‍ നിര്‍ദേശം നല്‍കിയതായും കെജരിവാള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com