ഗ്യാന്‍വാപി പള്ളി ക്ഷേത്രം തന്നെ; അത് എല്ലാവരും അംഗീകരിക്കണം; വിഎച്ച്പി

അലഹബാദ് ഹൈക്കോടതിയില്‍ നിന്നുള്ള അന്തിമവിധി വന്നതിന് ശേഷം ഇനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് ആലോചിക്കും 
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടത്തുന്നു/പിടിഐ
ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വെ നടത്തുന്നു/പിടിഐ

ബനാറസ്: വാരാണസിയിലെ ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ശിവലിംഗം കണ്ടെത്തിയതിന് പിന്നാലെ അത് ക്ഷേത്രമാണെന്ന് വ്യക്തമായതായി വിഎച്ച്പി.സര്‍വേയ്ക്കിടെ പള്ളിയുടെ കിണറ്റില്‍ നിന്നാണ് ശിവലിംഗം കണ്ടെത്തിയതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ഇരുകക്ഷികളുടെയും അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് ശിവലിംഗം കണ്ടെത്തിയത്. അതിനാല്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം ഒരു ക്ഷേത്രമാണെന്ന് വിഎച്ച്പി വര്‍ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.

ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേയില്‍ കണ്ടെത്തിയ ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്ന് കരുതുന്നു. കയ്യേറ്റങ്ങളും കുഴപ്പങ്ങളും ഇല്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അലഹബാദ് ഹൈക്കോടതിയില്‍ നിന്നുള്ള അന്തിമവിധി വന്നതിന് ശേഷം ഇനി എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു

വീഡിയോ സര്‍വെയ്ക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് അവകാശവാദമുയര്‍ന്ന ഗ്യാന്‍വാപി മസ്ജിദിലെ കിണര്‍ സീല്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പള്ളിയിലെ കിണറ്റില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ജെയിന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

നിസ്‌കാരത്തിന് മുന്‍പ് ശരീരം ശുദ്ധിയാക്കാനായി വെള്ളം ശേഖരിച്ചിരിക്കുന്ന കിണറ്റില്‍ നിന്നാണ് ശിവലിംഗം കണ്ടെത്തിയത്. ഇത് ഇന്നലെ വൃത്തിയാക്കിയപ്പോഴാണ് വിഗ്രഹം കണ്ടത് എന്നാണ് അഭിഷാകന്റെ അവകാശവാദം. ഈ പ്രദേശം സീല്‍ ചെയ്യണമെന്ന അഭിഷാകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മസ്ജിദിന് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു.

അതേസമയം, സര്‍വെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

മസ്ജിദില്‍ കോടതി നിര്‍ദേശ പ്രകാരം നടന്നുവന്ന സര്‍വെ പൂര്‍ത്തിയായി. കോടതി നിയോഗിച്ച സമിതിയാണ് വീഡിയോ സര്‍വെ നടത്തിയത്. കഴിഞ്ഞദിവസം സര്‍വെയുടെ 65 ശതമാനം പൂര്‍ത്തിയായിരുന്നു. കടുത്ത പൊലീസ് സുരക്ഷയിലാണ് വീഡിയോ സര്‍വെ നടന്നത്. കേസ് വീണ്ടും പരിഗണിക്കാന്‍ ഒരുദിവസം കൂടി ബാക്കിനില്‍ക്കെയാണ് സര്‍വെ നടപടികള്‍ പൂര്‍ത്തിയായത്. മൂന്നംഗ അഭിഭാഷക കമ്മീഷനാണ് സര്‍വെ നടത്തിയത്. സര്‍വെ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും.

ഗ്യാന്‍വാപി മസ്ജിദ് സമുച്ഛയത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് തകര്‍ത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കാണാമെന്നും ഇതിന്റെ ചിത്രങ്ങള്‍ വലിയ തെളിവാണെന്നും വിഷ്ണു ജെയിന്‍ അവകാശപ്പെട്ടു. ഗ്യാന്‍വാപി മസ്ജിദ് സമുച്ഛയത്തിലെ നാല് മുറികള്‍ തുറന്നാണ് പരിശോധന നടത്തിയത്.

മെയ് ആറിനാണ് സര്‍വെ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടതിനാല്‍ നിര്‍ത്തിവച്ചു. പള്ളിക്കുള്ളില്‍ ക്യാമറ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിന് എതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് വാരണാസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേല്‍നോട്ടത്തില്‍ പള്ളിയില്‍ വീഡിയോ സര്‍വെ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയായിരുന്നു.

2021ല്‍ രാഖി സിങ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡല്‍ഹി സ്വദേശിനികള്‍ പള്ളിയ്ക്കുള്ളില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നല്‍കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com