ജിഎസ്ടി: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താം- സുപ്രീം കോടതി

ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ കേന്ദ്രമോ സംസ്ഥാന സര്‍ക്കാരുകളോ അംഗീകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി. കൗണ്‍സില്‍ ശുപാര്‍ശകള്‍ക്ക് പ്രേരണാ മൂല്യം മാത്രമാണ് ഉള്ളതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മാണം നടത്താമെന്നും സുപ്രീം കോടതി വിധിച്ചു.

ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശകള്‍ കൂട്ടായ ചര്‍ച്ചയുടെ ഉത്പന്നമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനത്തിലെ ഏതെങ്കിലും ഒരു ഘടകത്തിന് അതില്‍ മൂന്‍തൂക്കം ഉണ്ടെന്നു കണക്കാക്കാനാവില്ല- കോടതി പറഞ്ഞു. ഇന്ത്യന്‍ ഫെഡറലിസം കേ്ന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ മുന്നോട്ടുപോവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

ഭരണഘടനയുടെ 246 എ അനുച്ഛേദം അനുസരിച്ച് നികുതി സംബന്ധമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും തുല്യ അധികാരമാണുള്ളത്. എന്നാല്‍ സംസ്ഥാനങ്ങളും കേന്ദ്രവും സര്‍വതന്ത്ര സ്വതന്ത്രരല്ലെന്ന് അനുഛേദം 279ല്‍ വ്യക്തമാക്കുന്നുണ്ട്. പരസ്പര പൂരകമായ ഫെഡറലിസത്തിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്- കോടതി പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com