ന്യൂഡല്‍ഹി: പഞ്ചാബിഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിന് പിന്നില്‍ അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സംശയിക്കുന്നതായി പൊലീസ്. വിക്രംജിത് എന്ന വിക്കി മിധുഖേരയുടെ കൊലപാതകത്തിന്റെ പ്രതികാരമാണ് സിദ്ധു മൂസേവാലയുടെ വധമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വിക്കി കൊല്ലപ്പെടുന്നത്. സംഭവത്തില്‍ സിദ്ധു മൂസേവാലയ്ക്കും മാനേജര്‍ക്കും പങ്കുണ്ടെന്നാണ് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ സൂചിപ്പിക്കുന്നത്. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ നീരജ് ബവാനിയ, തില്ലു താജ്പുരിയ സംഘങ്ങള്‍ തമ്മിലുള്ള സഹകരണത്തെക്കുറിച്ച് അടുത്തിടെയാണ് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറിയുന്നത്.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഗുണ്ടാസംഘങ്ങളായ കൗശല്‍ ചൗധരി, ദേവീന്ദര്‍ ഭംബിയ, ലക്കി പട്യാല്‍ എന്നിവരുമായി ബവാനിയയും താജ്പുരിയയും ഒത്തുചേര്‍ന്നു. വിക്കിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ സംഘങ്ങളില്‍പ്പെട്ട ഒരു ഡസനോളം ക്രിമിനലുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ അറസ്റ്റിലായ ഷാര്‍പ്പ് ഷൂട്ടര്‍ സജ്ജന്‍ സിങ്, അനില്‍ കുമാര്‍ എന്ന ലാഥ്, അജയ് കുമാര്‍ എന്ന സണ്ണി കൗശല്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിക്കി കൊലപാതകത്തില്‍ മൂസേവാലയുടേയും മാനേജരുടെയും പങ്ക് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. തിഹാര്‍ ജയിലിലുള്ള അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ ഏറ്റവുമടുത്ത സുഹൃത്ത് കൂടിയാണ് കൊല്ലപ്പെട്ട വിക്കി മിധുഖേര.
അതിനിടെ ഗായകന്‍ മൂസേവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡയില്‍ നിന്നുള്ള അധോലോക സംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിട്ടുണ്ട്. സംഘാംഗം സമൂഹമാധ്യമം വഴിയാണ് ഇക്കാര്യം അറിയിച്ചത്. താനും സച്ചിന്‍ ബിഷ്‌ണോയി, ലോറന്‍സ് ബിഷ്‌ണോയി സംഘങ്ങളാണ് മൂസേവാലയുടെ കൊലപാതകത്തിന് പിന്നിലെന്നാണ് ഗോള്‍ഡി ബ്രാര്‍ അറിയിച്ചിട്ടുള്ളത്. മൂസാവാലയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് തിഹാര്‍ ജയിലില്‍ വെച്ചാണെന്നും പൊലീസ് സൂചിപ്പിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട ചില ഫോണ്‍ സന്ദേശങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത അനുയായികളായ കാല ജതേദി, കാല റാണ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. അതിനിടെ മൂസേവാലയുടെ കൊലപാതകത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്‍ അറിയിച്ചു. മൂസേവാലയുടെ സുരക്ഷ പിന്‍വലിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates