ആശയുടെ ​ഗർഭം അലസി, കാരണം മാനസിക സമ്മർദ്ദം; ചീറ്റ കുഞ്ഞുങ്ങൾക്കായി ഇനിയും കാത്തിരിക്കണം

നവംബർ ആദ്യ വാരമായിട്ടും ആശ പ്രസവിക്കാതിരുന്നതോടെയാണ് ​ഗർഭമലസിയതായി സ്ഥിരീകരിച്ചത്
ചിത്രം; എഎൻഐ
ചിത്രം; എഎൻഐ

ഭോപ്പാൽ; ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളിലൊന്നായ ആശയുടെ ​ഗർഭമലസിയതായി റിപ്പോർട്ട്. ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചതിനു പിന്നാലെയാണ് ആശ ​ഗർഭിണിയാണെന്ന വാർത്തകൾ പുറത്തുവരുന്നത്. സെപ്റ്റബർ അവസാനത്തോടെ ആശ പ്രസവിക്കേണ്ടതായിരുന്നു. എന്നാൽ, നവംബർ ആദ്യ വാരമായിട്ടും ആശ പ്രസവിക്കാതിരുന്നതോടെയാണ് ​ഗർഭമലസിയതായി സ്ഥിരീകരിച്ചത്. മാനസിക സമ്മർദ്ദമാണ് ​ഗർഭം അലസാൻ കാരണമെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു.

ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി പിടികൂടിയപ്പോൾ തന്നെ ആശ ​ഗർഭിണിയാണെന്ന് വിവരമുണ്ടായിരുന്നു. കുനോയിൽ പരിശോധന സംവിധാനമില്ലാത്തതിനാൽ എത്രമാസമായി എന്നതിനെക്കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. ​ഗർഭിണിയായതിനാൽ നല്ല രീതിയിലുള്ള പരിചരണമാണ് ആശക്ക് നൽകിയിരുന്നത്.  93 ദിവസമാണ് ചീറ്റകളുടെ ​ഗർഭകാലം. ഏകദേശം 100 ദിവസമായി ആശ ഇന്ത്യയിൽ എത്തിയിട്ട്. 

ആവാസവ്യവസ്ഥ മാറിയതിനാലുണ്ടായ മാനസിക സമ്മർദ്ദത്തിൽ ​ഗർഭകാലത്തിന്റെ തുടക്ക ദിവസങ്ങളിൽ തന്നെ ​ഗർഭമലസിയെന്നാണ് നി​ഗമനമെന്ന് ചീറ്റ കൺസർവേഷൻ ഫണ്ട് ഡോ. ലോറി മാർക്കർ പറഞ്ഞു. ക്വാറന്റൈൻ കാലയളവിൽ അവൾ പ്രസവിച്ചിരുന്നെങ്കിൽ അവർ ഇവിടെയെത്താൻ രണ്ട് മാസം കൂടിയെടുത്തേനെ. അങ്ങനെയെങ്കിൽ കുട്ടികളും കൂടെ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാ​ഗമായി സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിട്ടത്. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com