സാമ്യമുള്ള ഒരാളെ കൊന്ന് കത്തിച്ചു, തെറ്റിദ്ധരിപ്പിക്കാന്‍ ഡ്രൈവിങ്ങ് ലൈസന്‍സും ഉപേക്ഷിച്ചു; 'സുകുമാരക്കുറുപ്പ് മോഡല്‍' കൊലപാതകം, അറസ്റ്റ്

ബുക്‌സര്‍ സ്വദേശിയായ ഇലക്ട്രീഷ്യന്‍ സൂരജ് ഗുപ്തയാണ് ഫിറോസിന്റെ കണ്ണില്‍പ്പെട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പൊലീസ് കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സുകുമാരക്കുറുപ്പ് മോഡല്‍ ആള്‍മാറാട്ടത്തിന് ശ്രമിച്ചയാള്‍ പിടിയില്‍. യുപി സ്വദേശിയായ 45 കാരന്‍ ഫിറോസ് അഹമ്മദാണ്, ബോളിവുഡ് സിനിമകളെ അമ്പരപ്പിക്കുന്ന വിധം കൊലപാതകം നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. 

നിരവധി കേസുകളില്‍ പ്രതിയായ ഫിറോസ്, കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് നാലുലക്ഷത്തോളം രൂപ കടംവാങ്ങിയിരുന്നു. ഈ കടക്കാരെ കബളിപ്പിക്കാനും, 
പൊലീസ് കേസുകളില്‍ നിന്നും രക്ഷപ്പെടാനുമാണ് ഇത്തരമൊരു കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നൈനി സെന്‍ട്രല്‍ ജയിലില്‍ കഴിയവെ, സിനിമകളും ക്രൈം ത്രില്ലര്‍ സീരിയലുകളും കണ്ടപ്പോഴാണ് ഇങ്ങനെ ഒരു ആശയം ലഭിച്ചത്. ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ ഫിറോസ് പദ്ധതി നടപ്പാക്കാന്‍ ശ്രമം തുടങ്ങി.

ഇതിനായി തന്റെ ശരീരഘടനയോട് സാമ്യമുള്ള ഒരാളെ തിരഞ്ഞ് കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. ബിഹാറിലെ ബുക്‌സര്‍ സ്വദേശിയായ ഇലക്ട്രീഷ്യന്‍ സൂരജ് ഗുപ്തയാണ് ഫിറോസിന്റെ കണ്ണില്‍പ്പെട്ടത്. താനുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയ സൂരജുമായി ഫിറോസ് തന്ത്രപൂര്‍വം അടുത്തു. ജോലി ശരിയാക്കി നല്‍കാമെന്നും, നഗരത്തില്‍ തന്നെ താമസം തുടങ്ങാനും ഫിറോസ് സൂരജിനോട് ആവശ്യപ്പെട്ടു. 

ഒക്ടോബര്‍ 17 ന് ഫിറോസ് സൂരജ് ഗുപ്തയെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. മര്‍ദാപൂര്‍ ഗ്രാമത്തിലെ ഭക്ഷണശാലയില്‍ ഭക്ഷണം കഴിക്കാനായി കൊണ്ടുപോയ സൂരജിനെ, പിന്നീട് ഫിറോസും കൂട്ടാളികളും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, തല വെട്ടി മാറ്റുകയും, ശരീരഭാഗങ്ങള്‍ ഛേദിച്ച് വികൃതമാക്കി തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാക്കി. 

തുടര്‍ന്ന് മൃതദേഹം കത്തിക്കുകയും സമീപം ഫിറോസ് തന്റെ ഡ്രൈവിങ് ലൈസന്‍സ് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ താന്‍ കൊല്ലപ്പെട്ടതായി പൊലീസ് വിചാരിക്കുമെന്നും, കേസുകള്‍ അവസാനിക്കുമെന്നും ഫിറോസ് വിചാരിച്ചു. എന്നാല്‍ പാതി കത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിലെ പോക്കറ്റില്‍ നിന്നും ലഭിച്ച ചില ഫോണ്‍ നമ്പറുകളാണ് കേസില്‍ നിര്‍ണായകമായത്. 

ഈ നമ്പറുകള്‍ പ്രകാരം അന്വേഷിച്ച പൊലീസ് കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശി സൂരജ് ഗുപ്തയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഫിറോസിനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുകയായിരുന്നു. കാരേഹ ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞ ഫിറോസിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നു. പൊലീസ് വെടിവെപ്പില്‍ ഫിറോസിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com