ഫയലുകളോടല്ല, മനുഷ്യരോടാണ് ഇടപെടുന്നത്; കോടതിക്കു വേണ്ടത് അനുകമ്പയെന്ന് ഹൈക്കോടതി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 10th November 2022 04:53 PM  |  

Last Updated: 10th November 2022 04:53 PM  |   A+A-   |  

court

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി:  നിയമവും അനുകമ്പയും ചേര്‍ന്നുള്ള  സംതുലനത്തോടെയുള്ള സമീപമായിരിക്കണം കോടതികള്‍ക്കു വേണ്ടതെന്ന് ഡല്‍ഹി ഹൈക്കോടതി. വെറും ഫയലുകളോടും ഉത്തരവുകളോടുമല്ല, മനുഷ്യരോടാണ് ഇടപെടുന്ന ബോധ്യം എപ്പോഴും വേണം. അതിനു തക്ക സംവേദനക്ഷമത കോടതികള്‍ നിലനിര്‍ത്തണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

പരോള്‍ അപേക്ഷ തള്ളിയതിന് എതിരെ കൊലക്കേസിലെ ജയില്‍ പുള്ളി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ്, ഹൈക്കോടതിയുടെ നിരീക്ഷണം. അമ്മയുടെ മരണത്തെത്തുടര്‍ന്നുള്ള മാനസിക സമ്മര്‍ദം ഒഴിവാക്കുന്നതിനാണ് പരോള്‍ എന്ന് ഇയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ സ്വത്ത് ഭാഗിക്കുന്നുണ്ടെന്നും അതിനായി കുറച്ചു പണം സംഘടിപ്പിക്കണമെന്നും ഇതിനെല്ലാം ചേര്‍ന്ന് രണ്ടു മാസം പരോള്‍ അനുവദിക്കണം എന്നുമായിരുന്നു ആവശ്യം. ജയിലില്‍ ഇയാളുടെ പെരുമാറ്റം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പരോള്‍ അപേക്ഷ തള്ളുകയായിരുന്നു.

നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടുതന്നെ അനുകമ്പയോടെയുള്ള സമീപനമായിരിക്കണം കോടതികള്‍ സ്വീകരിക്കേണ്ടതെന്ന്, ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ പറഞ്ഞു. 

ഹര്‍ജിക്കാരന്‍ പതിനാലു വര്‍ഷമായി ജയിലിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തെ ഏഴു തവണ പരോള്‍ നല്‍കിയിട്ടുണ്ട്. അമ്മ മരിക്കുമ്പോള്‍ ഇയാള്‍ ജയിലിലായിരുന്നു. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനാണ് പരോള്‍ ചോദിക്കുന്നതെന്നും കോടതി പറഞ്ഞു. 

കഴിഞ്ഞ രണ്ടു വര്‍ഷമായി ഹര്‍ജിക്കാരന്‍ ഒരു തരത്തിലുള്ള കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  മോചനത്തിനു നിബന്ധനയായി പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും ജാമ്യത്തുക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൊബൈല്‍ കടം വാങ്ങി, യൂട്യൂബ് വിഡിയോ കണ്ടു പഠിച്ചു;. ബീഡിത്തൊഴിലാളിയുടെ മകള്‍ക്ക് ഉന്നത വിജയം, മാതൃക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ