നദികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് 3900 ഏക്കര്‍; ഗംഗയുടെ പേരില്‍ ഭൂമാഫിയയുടെ തട്ടിപ്പ്; തിരിച്ചുപിടിച്ച് സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 03:34 PM  |  

Last Updated: 11th November 2022 03:38 PM  |   A+A-   |  

GANGA

പ്രതീകാത്മക ചിത്രം

 


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ ഗംഗ, രാംഗംഗ നദികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 3,900 ഏക്കര്‍ ഭൂമി കൈയേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിച്ചു. 300 കോടി രൂപ വിലവരുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ജില്ലാ ഭരണകൂടം ഏറ്റെടുത്തുത്. റവന്യൂ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചാണ് നദികളുടെ പേരില്‍ ഇത്രയധികം ഭുമി രജിസ്റ്റര്‍ ചെയ്ത് ഭൂമാഫിയ കൈക്കലാക്കിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് പ്രതാപ് സിങ്ങ് പറഞ്ഞു.

രജിസ്‌ട്രേഷന് പിന്നാലെ അവര്‍ ഔദ്യോഗിക രേഖകളില്‍ നിന്ന് നദിയുടെ പേര് നീക്കം ചെയ്യുകയും ഭൂമി കൃഷിക്കായി ഉപയോഗിക്കുയും ചെയ്തു. 1952ലാണ് നദികളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത്. ഭൂമാഫിയക്കാര്‍ റവന്യൂ ഉദ്യോഗസ്ഥരമായി ഒത്തുകളിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റാഷിദ് അലി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

സ്ഥലം കൈയ്യേറിയവര്‍ ഭൂമിയുടെ പേരില്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തി. 40 പേര്‍ കയ്യേറിയ ഭൂമി ഔദ്യോഗിക രേഖകളില്‍ 500 ആളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായും, ഭുമിയുടെ കൈവശാവകാശം നാല്‍പ്പത് പേരില്‍ തന്നെയാണെന്നും കണ്ടെത്തി.  തിരിച്ചുപിടിച്ച ഭൂമി ഇപ്പോള്‍ നദിയുടെ ഭാഗമാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. രജിസ്ട്രേഷന്‍ മാറ്റാന്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്ത വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഗംഗയുടെ ഒഴുക്ക് ഷാജഹാന്‍പൂരില്‍ 15 കിലോമീറ്ററും രാംഗംഗ 40 കിലോമീറ്ററുമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജീവ് വധക്കേസ്: നളിനി ഉള്‍പ്പെടെ ആറു പേര്‍ക്കു മോചനം; സുപ്രീം കോടതി ഉത്തരവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ