ശ്രദ്ധയുടെ മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച ആയുധങ്ങൾ അഫ്താബിന്റെ ഫ്ലാറ്റിൽ; കടുത്ത പീഡനങ്ങൾ നേരിട്ടെന്ന് സുഹൃത്തുക്കൾക്ക് സന്ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th November 2022 04:37 PM  |  

Last Updated: 19th November 2022 04:37 PM  |   A+A-   |  

sradha

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ പ്രതിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തി. പ്രതിയായ അഫ്താബ് അമീന്‍ പൂനവാലയുടെ ഛത്തര്‍പുരിലെ ഫ്‌ളാറ്റില്‍ നിന്നാണ് ഭാരമേറിയതും മൂർച്ചയുള്ളതുമായ ആയുധങ്ങള്‍ ഡൽഹി പൊലീസ് കണ്ടെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ശ്രദ്ധയുടേതെന്ന് കരുതുന്ന മൂന്ന് അസ്ഥികൾ അതിനിടെ പൊലീസ് കണ്ടെത്തി. മെഹ്‌റൗളിയിലെ വനമേഖലയില്‍ നടത്തിയ തിരച്ചിലിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. തുടയെല്ല് അടക്കമുള്ളവയാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനിടെ അഫ്താബിന്റെ ജോലി സ്ഥലത്തു നിന്ന് ഒരു വലിയ പോളിത്തീന്‍ കവര്‍ കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്.

അതിനിടെ രണ്ട് വര്‍ഷം മുമ്പ് സുഹൃത്തുക്കളുമായും സഹപ്രവര്‍ത്തകരുമായും ശ്രദ്ധ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങളും പുറത്തു വന്നു. അഫ്താബിനൊപ്പം ജീവിക്കാന്‍ തുടങ്ങിയത് മുതൽ ശ്രദ്ധ ഇയാളുടെ ഉപദ്രവങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് ചാറ്റുകളിലുള്ളത്.

അഫ്താബിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റതിന്റെ ചിത്രങ്ങളും ശ്രദ്ധ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്തിരുന്നു. ഇരുവരും മുംബൈയില്‍ താമസിക്കുന്ന കാലത്താണ് ശ്രദ്ധ ഇക്കാര്യങ്ങളെല്ലാം സുഹൃത്തുക്കളുമായി പങ്കുവച്ചത്. 

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജരോടും വിഷയങ്ങൾ പറഞ്ഞിരുന്നു. ചില ദിവസങ്ങളിൽ ജോലിക്ക് വരാന്‍ കഴിയില്ലെന്നു വ്യക്തമാക്കി ശ്രദ്ധ മാനേജർക്ക് സന്ദേശമയക്കാറുണ്ട്. കഴിഞ്ഞ ദിവസം മര്‍ദനമേറ്റത് കാരണം ശരീരമാകെ മുറിവാണെന്നും ബിപി കുറവാണെന്നും കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും വ്യക്തമാക്കി അവർ 2020 നവംബര്‍ 24ന് മാനേജര്‍ക്ക് അയച്ച സന്ദേശം പുറത്തു വന്നിരുന്നു. താന്‍ വിവാഹിതയാണെന്ന് ശ്രദ്ധ ഓഫീസില്‍ പറഞ്ഞിരുന്നതെന്നും മാനേജര്‍ വെളിപ്പെടുത്തിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

മോദിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അഫ്താബുമാര്‍ ഓരോ നഗരത്തിലും ജനിക്കും; ശ്രദ്ധ കൊലപാതകം പ്രചാരണമാക്കി ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ