രാഷ്ട്രീയമല്ല, മമതയുമായി ഇടപെടുക ഭരണപരമായി; ആനന്ദ ബോസ് കൊല്‍ക്കത്തയില്‍, സത്യപ്രതിജ്ഞ നാളെ

മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും മമത സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു
സിവി ആനന്ദ ബോസ്/ എഎന്‍ഐ
സിവി ആനന്ദ ബോസ്/ എഎന്‍ഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണറായി സി വി ആനന്ദ ബോസ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബംഗാള്‍ ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ സത്യവാചകം ചൊല്ലിക്കൊടുക്കും. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിലെത്തിയ ആനന്ദ ബോസിനെ ബംഗാള്‍ നഗര വികസന മന്ത്രിയും കൊല്‍ക്കത്ത മേയറും ചേര്‍ന്ന് സ്വീകരിച്ചു. 

പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുമള്ള ആശയവിനിമയം 'രാഷ്ട്രീയം' എന്നതിലുപരി 'ഭരണപരമായ' സ്വഭാവമുള്ളതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ഗവര്‍ണറായി അദ്ദേഹത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി മമത ബാനര്‍ജി ടെലഫോണിലൂടെ ആശംസകള്‍ നേര്‍ന്നിരുന്നു. 

മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും കൂടിയാലോചിക്കാതെ, പുതിയ ഗവര്‍ണറെ പ്രഖ്യാപിച്ചതില്‍ ന്ദ്രേസര്‍ക്കാരിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. അതേസമയം, മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. 

മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും മമത സര്‍ക്കാരും തമ്മില്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടക്കുയും ഗവര്‍ണറെ മമത ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള സംഭവ വികാസങ്ങള്‍ ബംഗാളില്‍ അരങ്ങേറി. നിരന്തരം തന്നെ ടാഗ് ചെയ്ത് സര്‍ക്കാരിന് എതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സാഹചര്യത്തിലാണ് ധന്‍കറിനെ മമത ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തത്. 

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി ആയതിന് പിന്നാലെ, ഗവര്‍ണറായ ലാ ഗണേശനുമായി മമത സര്‍ക്കാര്‍ സൗഹാര്‍ദ സമീപനമാണ് സ്വീകരിച്ചത്. മമത ബാനര്‍ജിയുടെ വസതിയില്‍ നടന്ന കാളീ പൂജയില്‍ ലാ ഗണേശന്‍ പങ്കെടുത്തിരുന്നു. അതുപോലെ, ചെന്നൈയില്‍ വെച്ചുനടന്ന ലാ ഗണേശന്റെ സഹോദരന്റെ 80മത് ജന്‍മദിന ആഘോഷത്തില്‍ മമത പങ്കെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com