'മരിച്ചു കഴിഞ്ഞാലെങ്കിലും ജാതി ഒഴിവാക്കൂ'; എല്ലാവര്‍ക്കുമായി പൊതു ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ ഹൈക്കോടതി ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 02:49 PM  |  

Last Updated: 24th November 2022 02:49 PM  |   A+A-   |  

Madras High Court

മദ്രാസ് ഹൈക്കോടതി/ഫയല്‍

 

ചെന്നൈ: ജാതി തിരിച്ചു ശ്മശാനങ്ങള്‍ നിര്‍മിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. ജാതി വിവേചനത്തില്‍നിന്നു മരണത്തെയെങ്കിലും ഒഴിവാക്കണമെന്ന് ജസ്റ്റിസുമാരായ ആര്‍ സുബ്രഹ്മണിയനും കെ കുമരേഷ് ബാബുവും പറഞ്ഞു.

സ്വതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ജാതീയത ഇല്ലാതാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മതേതര സര്‍ക്കാരുകള്‍ പോലും ജാതി അടിസ്ഥാനത്തില്‍ ശ്മശാനങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് ബെഞ്ച് പറഞ്ഞു. ഒരാളുടെ അന്ത്യയാത്രയിലെങ്കിലും സമത്വം ഉണ്ടാവേണ്ടതുണ്ട്.

പൊതു ഇടവഴിക്കു സമീപം അടക്കം ചെയ്തയാളുടെ മൃതദേഹം പുറത്തെടുത്തു വീണ്ടും സംസ്‌കരിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പട്ടികജാതിക്കാര്‍ക്കായി ഉദ്ദേശിക്കപ്പെട്ട ശ്മശാനത്തിലല്ല മൃതദേഹം അടക്കിയതെന്നാണ്, പുറത്തെടുത്ത് വീണ്ടും സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ വാദിച്ചത്. 

ഇടവഴിയുടെ വലതുഭാഗത്ത് സംസ്‌കാരം നടത്തുക പതിവുണ്ടെന്നാണ്, കോടതി വിധിയെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടിയത്. നേരത്തെ ഇവിടെ സംസ്‌കരിച്ചവരുടെ പേരു വിവരങ്ങളും ഇവര്‍ ഹൈക്കോടതിയെ ധരിപ്പിച്ചു. 

നിലവിലെ നിയമ പ്രകാരം ഇത്തരത്തില്‍ സംസ്‌കാരം നടത്തുന്നതിനു വിലക്കില്ലെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. താമസ സ്ഥലത്തുനിന്നും കുടിവെള്ള സ്രോതസ്സുകളില്‍നിന്നും 90 മീറ്റര്‍ മാറി വേണം സംസ്‌കാരം എന്നു മാത്രമാണ് നിയമം നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഇത് അംഗീകരിച്ച കോടതി ജാതി ഭേദമന്യേ എല്ലാവര്‍ക്കുമായി ശ്മശാനങ്ങള്‍ തുറക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജനസംഘ കാലം മുതലുള്ള വാഗ്ദാനം; ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ