ജനസംഘ കാലം മുതലുള്ള വാഗ്ദാനം; ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 01:19 PM  |  

Last Updated: 24th November 2022 01:19 PM  |   A+A-   |  

Amit_sha

അമിത് ഷാ /ഫയല്‍

 

ന്യൂഡല്‍ഹി: ജനാധിപത്യപരമായ സംവാദങ്ങളും ചര്‍ച്ചകളും പൂര്‍ത്തിയായാല്‍ രാജ്യത്ത് ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ ബിജെപി പ്രതിജ്ഞാബദ്ധമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു ജനസംഘം കാലം മുതല്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള വാഗ്ദാനമാണെന്ന് അമിത് ഷാ പറഞ്ഞു.

ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തില്‍ നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ പാര്‍ലമെന്റ് നടപടിയെടുക്കണമെന്നാണ് ഭരണഘടനാ അസംബ്ലി നിര്‍ദേശിച്ചത്. മതേതര രാജ്യത്തെ നിയമങ്ങള്‍ മതാടിസ്ഥാനത്തില്‍ ആവരുത് എന്നതാണ് അതിന്റെ യുക്തിയെന്ന് അമിത് ഷാ പറഞ്ഞു.

രാജ്യം മതേതരമായിരിക്കുമ്പോള്‍ നിയമങ്ങള്‍ എങ്ങനെ മതാടിസ്ഥാനത്തിലാവുമെന്ന് അമിത് ഷാ ചോദിച്ചു. ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ ആയാലും പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പാസാക്കുന്ന നിയമങ്ങള്‍ ബാധകമാവണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. 

ഇപ്പോള്‍ ബിജെപി അല്ലാതെ ഒരു പാര്‍ട്ടിയും ഏക സിവില്‍ കോഡിനെക്കുറിച്ചു പറയുന്നില്ല. ഭരണഘടനാ അസംബ്ലിയുടെ നിര്‍ദേശങ്ങള്‍ വിസ്മരിക്കപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മുസ്ലിംകള്‍ക്കിയിലെ ബഹു ഭാര്യാത്വം ഭരണഘടനാ വിരുദ്ധം'; സുപ്രീം കോടതിയില്‍ ഹര്‍ജി, പുതിയ ഭരണഘടനാ ബെഞ്ച് ഉടന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ