മുസ്ലിം വിദ്യാര്‍ത്ഥിയെ 'അജ്മല്‍ കസബ്' എന്നു വിളിച്ച് പ്രൊഫസര്‍; വീഡിയോ വൈറല്‍; സസ്‌പെന്‍ഷന്‍

ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകന്റെ ഇത്തരത്തിലുള്ള പെരുമാറ്റം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബംഗളൂരു: ക്ലാസിലിരുന്ന മുസ്ലിം വിദ്യാര്‍ത്ഥിയെ തീവ്രവാദിയുടെ പേര് പറഞ്ഞ് സംബോധന ചെയ്ത പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ ഉഡുപ്പിയിലുള്ള മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം. 

ക്ലാസ് എടുക്കുന്നതിനിടെ പ്രൊഫസര്‍ വിദ്യാര്‍ത്ഥിയെ പാകിസ്ഥാന്‍ തീവ്രവാദിയും മുംബൈ ആക്രമണത്തിലെ പ്രതിയുമായിരുന്ന 'അജ്മല്‍ കസബി'ന്റെ പേര് വിളിച്ചാണ് സംബോധന ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പ്രൊഫസര്‍ക്കെതിരെ നടപടിയെടുത്തത്. 

ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകന്റെ ഇത്തരത്തിലുള്ള പെരുമാറ്റം. തന്നെ കസബിന്റെ പേര് പറഞ്ഞ് സംബോധന ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് വിദ്യാര്‍ത്ഥി അധ്യാപകനോട് പറയുന്നുണ്ട്. 

'നിങ്ങള്‍ നിങ്ങളുടെ മകനോട് ഇങ്ങനെ സംസാരിക്കുമോ. ഒരു തീവ്രവാദി എന്ന് നിങ്ങള്‍ അവനെ വിളിക്കുമോ'- എന്ന് വിദ്യാര്‍ത്ഥി തിരിച്ച് അധ്യാപകനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. 

വിദ്യാര്‍ത്ഥിയുടെ പ്രതികരണത്തിന് പിന്നാലെ അധ്യാപകന്‍ ക്ഷമാപണം നടത്തി. എന്നാല്‍ ക്ഷമ പറഞ്ഞതു കൊണ്ടു മാത്രം നിങ്ങളുടെ ഉള്ളിലെ ചിന്താഗതിയും വ്യക്തിത്വവും മാറാന്‍ പോകുന്നില്ലെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു. 

തന്നെ വംശീയമായി അധിക്ഷേപിക്കാന്‍ പ്രൊഫസര്‍ ശ്രമിച്ചു എന്ന് താന്‍ വിചാരിക്കുന്നില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാര്‍ത്ഥി പിന്നീട് പ്രതികരിച്ചു. അധ്യാപകന്റെ പ്രവൃത്തിയെ ഇത്തവണ താന്‍ വിട്ടുകളയുകയാണെന്നും വിദ്യാര്‍ത്ഥി പറയുന്നു. 

അതേസമയം വിഷയത്തില്‍ പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പെരുമാറ്റങ്ങളെ അംഗീകരിക്കില്ലെന്നും ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങളെ സ്ഥാപനത്തിന്റെ വ്യവസ്ഥാപിത നയങ്ങള്‍ക്കനുസരിച്ച് കൈകാര്യം ചെയ്യുമെന്നും ഉന്നത വിദ്യാഭ്യാസ സമിതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com