മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 10:22 AM  |  

Last Updated: 01st October 2022 10:22 AM  |   A+A-   |  

mallikarjun_kharge

മല്ലികാര്‍ജുന്‍ ഖാര്‍ഗെ/ പിടിഐ

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടാണ് ഖാര്‍ഗെ രാജിക്കത്ത് കൈമാറിയത്. ഒരാള്‍ക്ക് ഒരു പദവി എന്ന ഉദയ്പൂര്‍ ചിന്തന്‍ ശിബിര്‍ തീരുമാനപ്രകാരമാണ് രാജി. 

ഖാര്‍ഗെയുടെ രാജി വിവരം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ സോണിയാഗാന്ധി രാജ്യസഭ ചെയര്‍മാനെ അറിയിക്കും. പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്ത് ഇക്കാര്യവും അറിയിക്കും. 

രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പി ചിദംബരം, ദിഗ്‌വിജയ് സിങ് തുടങ്ങിയ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് ദക്ഷിണേന്ത്യയില്‍ നിന്നുള്ളയാള്‍ ആകുമെന്നതിനാല്‍ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനം ഹിന്ദി ഹൃദയഭൂമിയില്‍ നിന്നുള്ള നേതാവിന് നല്‍കണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. 

ഈ വാദം പരിഗണിച്ചാല്‍, ദിഗ്‌വിജയ് സിങ്ങിനെ ക്കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള മുകുള്‍ വാസ്‌നിക്ക്, പ്രമോദ് തിവാരി തുടങ്ങിയ നേതാക്കള്‍ക്കും നറുക്ക് വീണേക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് പശ്ചിമബംഗാളില്‍ നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനാണെന്നതില്‍ തെളിവില്ല, യഥാര്‍ഥ ചരിത്രം കണ്ടെത്തണം'; സുപ്രീംകോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ